പാലക്കാട് സ്കൂളിലെ വെടിവയ്പ്പ്; ഒമ്പതാം ക്ലാസ് വിദ്യാർഥിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി

പാലക്കാട്: തൃത്താല പരുതൂർ ഹയർസെക്കൻഡറി സ്‌കൂളിൽ തോക്കുമായെത്തി വെടിയുതിർത്ത ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി. ഡിസംബർ അഞ്ച് വരെ കോഴിക്കോട് വെള്ളിമാടുകുന്നിലുള്ള ജുവനൈൽ ഹോമിലേക്കാണ് കുട്ടിയെ മാറ്റിയത്. തൃത്താല പൊലീസ് സ്റ്റേഷനിൽ മൊഴി രേഖപ്പെടുത്തിയ ശേഷം ബുധനാഴ്‌ച അർദ്ധരാത്രിയോടെ വിദ്യാർത്ഥിയെ പാലക്കാട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയിരുന്നു. തുടർന്നാണ് ജുവനൈൽ ഹോമിലേക്ക് മാറ്റാൻ ഉത്തരവായത്.

സഹപാഠിയായ കുട്ടിയുടെ ശരീരത്തിൽ തറച്ച വെടിയുണ്ട കോട്ടയ്‌ക്കലിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് തൃത്താല പൊലീസ് ശേഖരിക്കും. പരിക്കേറ്റ കുട്ടി ഒരു ദിവസം കൂടി സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരും. കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണ്. കേസിൽ തോക്ക് കൈവശം വച്ചതിനെതിരെ അന്വേഷണം ഊർജിതമാക്കുകയാണ് പൊലീസ്. വിദ്യാർത്ഥിയുടെ കൈവശമുണ്ടായിരുന്നത് ലൈസൻസില്ലാത്ത നാടൻ തോക്കാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

തോക്ക് കൈവശം വച്ചതിന് കുട്ടിയുടെ അമ്മയ്ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.കുട്ടിയുടെ കയ്യിൽ നിന്ന് പിടിച്ചെടുത്ത തോക്ക് പ്രവർത്തനക്ഷമമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 0.22 റിവോൾവർ ആണ് പിടിച്ചെടുത്തത്. ഇത് ഉത്തരേന്ത്യയിൽ നിർമ്മിച്ച തോക്ക് ആണെന്നും തോക്കിനുള്ളിലെ ബുള്ളറ്റ് പഞ്ചാബിൽ നിർമ്മിച്ചതാണ്. തോക്ക് കുട്ടിയുടെ മുത്തച്ഛന്റേതാണെന്നും വീട്ടിലെ അലമാരയിൽ സൂക്ഷിച്ചതായിരുന്നുവെന്നും പൊലീസ് പറയുന്നു. അതേസമയം, പരുതൂർ ഹയർസെക്കൻഡറി സ്‌കൂൾ അധികൃതർക്കെതിരെയും വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയുണ്ടാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button