വിദ്യാഭ്യാസ മേഖലയെ ആർഎസ്എസിന് തീറെഴുതുന്നു; മുസ്ലീം ലീഗിനും സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനുമെതിരെ രൂക്ഷവിമർശനവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. എൽ.പി.എസ്.ടി റാങ്ക് ഹോൾഡർമാരുടെ സമരം, മയിൽപ്പീലി സ്കോളർഷിപ്പ് വിവാദം, അധ്യാപകരുടെ സ്ഥലംമാറ്റം, പരിശീലനം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് അദ്ദേഹം വിമർശനം നടത്തിയത്. എൽ.പി.എസ്.ടി സമരം ഇത്രത്തോളം വഷളാക്കിയതിന്റെ പൂർണ ഉത്തരവാദിത്തം മുഖ്യമന്ത്രി വി.ഡി. സതീശനാണെന്ന് വി. ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് പ്രായോഗികമല്ലാത്ത വാഗ്ദാനങ്ങൾ പോലും അധികാരത്തിലെത്തിയാൽ നടപ്പിലാക്കുമെന്ന് പറഞ്ഞ് നടന്നതാണ് നിലവിലെ പ്രതിഷേധങ്ങൾ ആളിക്കത്താൻ കാരണമായതെന്നും അദ്ദേഹം ആരോപിച്ചു.
വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്ലീം ലീഗിനെതിരെയും മുൻ മന്ത്രി വിമർശനമുന്നയിച്ചു. വിദ്യാഭ്യാസ മേഖലയെ വർഗീയവത്കരിക്കാനുള്ള ആർ.എസ്.എസ് ശ്രമങ്ങൾക്ക് മുസ്ലീം ലീഗ് പൂർണമായും കീഴടങ്ങിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അധ്യാപകർക്ക് കൃത്യമായി പരിശീലനം നൽകാൻ പോലും നിലവിലെ വിദ്യാഭ്യാസ വകുപ്പിന് സാധിക്കുന്നില്ലെന്നും, തങ്ങളുടെ ഭരണകാലത്ത് കൃത്യമായ ഇടവേളകളിൽ അധ്യാപകർക്ക് ട്രെയിനിങ് നൽകിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സെൻസസ് പോലുള്ള ഔദ്യോഗിക ആവശ്യങ്ങൾക്ക് അധ്യാപകർ പോകുമ്പോൾ പകരം ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കാൻ മുൻപ് അനുമതി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ പകരം സംവിധാനമില്ലാത്തതിനാൽ കുട്ടികൾ ക്ലാസുകളിൽ വെറുതെയിരിക്കേണ്ട അവസ്ഥയാണുള്ളതെന്നും വി. ശിവൻകുട്ടി ആരോപിച്ചു.
കൂടാതെ, വിദ്യാഭ്യാസ വകുപ്പിൽ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സ്ഥലംമാറ്റങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള സ്ഥലംമാറ്റങ്ങൾ സ്കൂളുകളിലെ അക്കാദമിക് പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.



