സ്വർണവിലയിൽ വൻ ഇടിവ്; പവൻ വില ഒരു ലക്ഷത്തിന് താഴെ! ഇന്നത്തെ നിരക്കുകൾ അറിയാം

നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തി. വിപണിയിൽ 1 പവൻ സ്വർണത്തിന് ഇന്ന് (നവംബർ 17) 560 രൂപ കുറഞ്ഞു. ഇതോടെ 1 പവൻ സ്വർണത്തിന്റെ വിപണിവില 99,760 രൂപയായി. 1 ഗ്രാം സ്വർണത്തിന് 70 രൂപ കുറഞ്ഞ് 12,470 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്.
അതേസമയം, രാജ്യത്തേക്കുള്ള സ്വർണ്ണ ഇറക്കുമതി നിരന്തരം വർധിച്ചുവരുന്ന സാഹചര്യത്തിൽ, ആഭ്യന്തര സ്വർണ്ണ പര്യവേക്ഷണവും ഖനനവും ശക്തിപ്പെടുത്താൻ പുതിയ കർമ്മപദ്ധതിയുമായി നീതി ആയോഗ് രംഗത്ത്. ഈ മേഖലയിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സ്വർണ്ണ ഖനന മേഖലയ്ക്ക് സാമ്പത്തിക പ്രോത്സാഹനങ്ങൾ നൽകുക, ദീർഘകാല ഖനന അനുമതി നൽകുക, സാങ്കേതിക മികവും സുസ്ഥിര വികസനവും ഉറപ്പാക്കുന്നതിനായി ലേലത്തിൽ പങ്കെടുക്കുന്നവരുടെ നിലവാരം വിലയിരുത്തുക തുടങ്ങിയ സുപ്രധാന നിയന്ത്രണ മാറ്റങ്ങളും പുതിയ ചട്ടക്കൂടിൽ ശുപാർശ ചെയ്തേക്കും.



