വി. കുഞ്ഞികൃഷ്ണൻ എം.എൽ.എയെ വെട്ടിനിരത്തിയ നടപടി തിരുത്തി; സഹകരണ വകുപ്പിന്റെ ഇടപെടലിന് പിന്നാലെ പുതിയ പോസ്റ്റർ!

കണ്ണൂർ: പയ്യന്നൂരിലെ സഹകരണ വാരാഘോഷ പരിപാടിയിൽ നിന്നും വി. കുഞ്ഞികൃഷ്ണൻ എം.എൽ.എയെ ഒഴിവാക്കിയ നടപടി സംഘാടകർ തിരുത്തി. സഹകരണ വകുപ്പിന്റെ കർശന ഇടപെടലിനെ തുടർന്ന്, എം.എൽ.എയെ ഉദ്ഘാടകനാക്കി പുതിയ പോസ്റ്റർ തയ്യാറാക്കി പുറത്തിറക്കി. പരിപാടിയിൽ സ്ഥലം എം.എൽ.എയെയോ എം.പിയെയോ നിർബന്ധമായും പങ്കെടുപ്പിക്കണമെന്ന് കാണിച്ച് സഹകരണ വകുപ്പ് അഡീഷണൽ രജിസ്ട്രാർ ഉത്തരവിറക്കിയിരുന്നു.
നേരത്തെ പയ്യന്നൂർ നഗരസഭാ ചെയർമാൻ സരിൻ ശശിയെയായിരുന്നു പരിപാടിയുടെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്. തളിപ്പറമ്പ് സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ നവംബർ 18 നാളെയാണ് പയ്യന്നൂരിൽ പരിപാടി നടക്കുന്നത്. അതേസമയം, സി.പി.ഐ.എം നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് എം.എൽ.എയെ നേരത്തെ ഒഴിവാക്കിയതെന്ന ആരോപണം ശക്തമായിരുന്നു.



