മെസി തട്ടിപ്പ് കേസ്: മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെതിരെയും അന്വേഷണം; പ്രതിചേർത്ത് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്!

തിരുവനന്തപുരം: മെസി തട്ടിപ്പ് കേസിൽ മുൻ കായിക മന്ത്രി വി അബ്ദുറഹിമാനെ പ്രതിചേർത്ത് അന്വേഷിക്കാൻ സർക്കാർ ഉത്തരവ്. അബ്ദുറഹിമാനെതിരെ അഴിമതി തടയൽ നിയമപ്രകാരം കേസെടുക്കാൻ ഗവർണർ നേരത്തെ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ നടപടി.
എഡിജിപി പി വിജയന്റെ നേതൃത്വത്തിലുള്ള എസ്ഐടി സംഘമാണ് അബ്ദുൾ റഹിമാനെതിരെയുള്ള അന്വേഷണം നടത്തുന്നത്. അബ്ദുറഹിമാനും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ഉടമ ആന്റോ അഗസ്റ്റിനും അടക്കമുള്ളവരാണ് നിലവിൽ കേസിലെ പ്രതികൾ. സ്പോൺസർക്ക് അന്യായമായ സാമ്പത്തിക ലാഭമുണ്ടാക്കാൻ അബ്ദുറഹിമാൻ സാമ്പത്തിക പദവി ദുരുപയോഗം ചെയ്തുവെന്നാണ് കേസിൽ എസ്ഐടിയുടെ കണ്ടെത്തൽ.
അതേസമയം, മെസിയെ കേരളത്തിലെത്തിക്കാനെന്ന പേരിൽ നടത്തിയ സാമ്പത്തിക ഇടപാടിലെ നികുതിവെട്ടിപ്പിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് തിരിച്ചടി. ജിഎസ്ടി ഇന്റലിജൻസ് നൽകിയ സമൻസ് സ്റ്റേ ചെയ്യണമെന്ന ഹർജിയിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. ആവശ്യപ്പെട്ട രേഖകളുമായി ഉദ്യോഗസ്ഥന് മുന്നിൽ വ്യാഴാഴ്ച ഹാജരാകണമെന്നാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയോട് ഹൈക്കോടതി ഉത്തരവിട്ടത്.മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരാൻ വിദേശത്തേക്ക് പണമയച്ചതുമായി ബന്ധപ്പെട്ട് വലിയരീതിയിൽ നികുതിവെട്ടിപ്പ്
നടന്നുവെന്നാണ് ജിഎസ്ടി വിഭാഗത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. ഏകദേശം 25.78 കോടിയുടെ നികുതിവെട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് അന്വേഷണച്ചുമതലയുള്ള കൊല്ലം ജിഎസ്ടി ഇന്റലിജൻസ് വിഭാഗം റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് നേരത്തെ നോട്ടീസ് അയച്ചത്. രേഖകൾ സഹിതം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ നിർദേശിച്ചിരുന്നത്. ഇതിനെതിരെയാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്.



