പുനർജനി വിവാദം വീണ്ടും കോടതിയിൽ; വി.ഡി. സതീശനെതിരായ ഹർജി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക്!

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കെ.എം. ഷാജഹാൻ സമർപ്പിച്ച ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടു. പൊതുതാൽപര്യ ഹർജിയായല്ലേ ഇത് സമർപ്പിക്കേണ്ടതെന്ന് സിംഗിൾ ബെഞ്ച് ആരാഞ്ഞു. വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായാണ് ഹർജി ചീഫ് ജസ്റ്റിസിന് വിട്ടത്.
2018-ലെ പ്രളയകാലത്ത് പറവൂർ മണ്ഡലത്തിലെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാരിന്റെയോ നിയമസഭാ സെക്രട്ടറിയറ്റിന്റെയോ മുൻകൂർ അനുമതിയില്ലാതെ വിദേശത്തുപോയി പണം പിരിച്ചു എന്നതാണ് ഹർജിക്കാരനായ കെ.എം. ഷാജഹാൻ ഉന്നയിക്കുന്ന പ്രധാന ആരോപണം. വിദേശനാണ്യ വിനിമയ ചട്ടലംഘനം ഉള്ളതിനാൽ കേസ് സംസ്ഥാന വിജിലൻസിന്റെ അധികാരപരിധിയിൽ വരില്ലെന്നും, സി.ബി.ഐ അന്വേഷണം വേണമെന്നും മുൻപ് വിജിലൻസ് ഡയറക്ടർ ശുപാർശ ചെയ്തിരുന്നതായി ഹർജിയിൽ പറയുന്നു.
പിന്നീട് തെളിവില്ലെന്ന് കാണിച്ച് അന്വേഷണം അവസാനിപ്പിച്ചത് നിയമവിരുദ്ധമാണെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. അതേസമയം, 2020-ൽ സമർപ്പിച്ച സമാനമായ ഹർജി ഹൈക്കോടതി മുൻപ് തള്ളിയിട്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ ഈ ഹർജിയെ കോടതിയിൽ എതിർത്തു.



