ജമ്മു കശ്മീരിൽ ഭീകരവേട്ട; ഏറ്റുമുട്ടലിൽ രണ്ട് ലഷ്കർ ഭീകരരെ വധിച്ചു!

ശ്രീനഗർ: ജമ്മു കാശ്മീരിലെ കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിനുനേരെയുണ്ടായ ആക്രമണത്തിൽ സൂത്രധാരനുൾപ്പെടെ രണ്ട് ലഷ്കർ ഭീകരരെ വധിച്ചു. ജമ്മു കാശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഭീകരൻ ലത്തീഫ് ഭട്ടും കൂട്ടാളിയുമാണ് കൊല്ലപ്പെട്ടത്.
കുൽഗാം സ്വദേശിയായ ഭട്ട് പാകിസ്ഥാനി ഭീകരരുമായി ചേർന്നാണ് പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ട്. തെക്കൻ കാശ്മീരിൽ വിവിധയിടങ്ങളിലായി ഒഴിവിൽ കഴിയുകയായിരുന്നു ഇയാൾ. അനന്ത്നാഗിലെ ലാൽ ചൗക്ക് മേഖലയിൽ ജൂലായ് 22ന് ഒരു പൊലീസ് കോൺസ്റ്റബിളിനെ കൊലപ്പെടുത്തിയതും, ജൂലായ് 31ന് കുൽഗാമിൽ കുടിയേറ്റ തൊഴിലാളികളെ കൊലപ്പെടുത്തിയതും ഉൾപ്പെടെ നിരവധി കേസുകളിൽ ഭട്ട് പ്രതിയാണ്.
നവംബർ 11ന് ബൈക്കിലെത്തിയ രണ്ടു ഭീകരർ അഖ്റാൻ പാലത്തിന് സമീപമുള്ള നാകാ ചെക്പോസ്റ്റിന് സമീപത്തുനിന്ന ജവാന്മാർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ മൂന്നു ജവാന്മാരിൽ ഒരാളുടെ നില ഗുരുതരമാണ്. ഈ ഭീകരർ പിന്നാലെ ഒളിവിൽപ്പോയിരുന്നു. അഖ്രാൻ പാലത്തിന്റെ കാവൽച്ചുമതലയിലുണ്ടായിരുന്ന 46ാം ബറ്റാലിയൻ ജവാന്മാരാണ് ആക്രമിക്കപ്പെട്ടത്.
ഇതിനുപിന്നാലെ കിഷ്ത്വാറിൽ രണ്ട് പൊലീസുകാരെ ഭീകരർ കൊലപ്പെടുത്തി. കിഷ്ത്വാറിലെ ദച്ചാൻ-മർവ പ്രദേശത്ത് പട്രോളിംഗിനിടെ കാണാതായ സ്പെഷ്യൽ പൊലീസ് ഓഫീസർമാരാണ് വെടിയേറ്റ് മരിച്ചത്. കിഷ്ത്വാർ കിയാർ ദച്ചാൻ സ്വദേശികളായ രശ്പാൽകുമാർ, ബോബി ചന്ദ് എന്നിവരുടെ മൃതദേഹങ്ങൾ ചെനാബ് താഴ്വരയോടു ചേർന്ന വനത്തിൽ കണ്ടെത്തുകയായിരുന്നു. ഭീകരാക്രമണങ്ങൾക്ക് പിന്നാലെ ജമ്മു കാശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിയതായി സിആർപിഎഫ് സ്പെഷ്യൽ ഡയറക്ടർ ജനറൽ സന്ദീപ് ഖിർവാർ അറിയിച്ചിരുന്നു.



