‘ഗില്ലി’യിലെ വിജയ്‌യുടെ അനിയത്തി ഇനി വധു; നടി നാൻസിക്ക് മംഗല്യം!

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുടെ ഏക്കാലത്തെയും ഹിറ്റ് ചിത്രമാണ് ‘ഗില്ലി’. ഈ ചിത്രത്തിൽ വിജയ്‌യുടെ അനിയത്തിയായി അഭിനയിച്ച നാൻസി ജെനിഫറെ അത്ര പെട്ടെന്ന് മലയാളികൾക്കടക്കം മറക്കാൻ കഴിയില്ല. ഇപ്പോഴിതാ നാൻസി വിവാഹിതയായി എന്ന വാർത്തകളാണ് പുറത്തുവരുന്നത്.
കാർത്തിക് ആണ് വരൻ. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള ബീച്ച് റിസോർട്ടിൽവച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിക്കുന്നത്. ഗില്ലിയിൽ വിജയ്‌യുടെ അനിയത്തി ഭുവനയായാണ് നാൻസി എത്തിയത്.
ബാലതാരമായി സിനിമയിലെത്തിയ നാൻസി ആദ്യമായി അഭിനയിക്കുന്നത് വിജയ്‌യും സൂര്യയും പ്രധാന വേഷങ്ങളിലെത്തിയ ‘നേരുക്ക് നേർ’ എന്ന സിനിമയിലായിരുന്നു. തോഴ, ഉനക്കും എനക്കും, ഫെബ്രുവരി 14, ജാംബവാൻ, തീയാ വേലൈ സെയ്യണം തുടങ്ങിയ നിരവധി സിനിമകളിലും നാൻസി അഭിനയിച്ചിട്ടുണ്ട്.



