മന്ത്രി മിന്നൽ പരിശോധനയ്ക്കെത്തി, ഓഫീസിൽ ജീവനക്കാരില്ല! ആലപ്പുഴ റസ്റ്റ് ഹൗസിലെ അഞ്ച് പേർക്ക് സസ്പെൻഷൻ

ആലപ്പുഴ: മന്ത്രി എത്തിയപ്പോൾ ജീവനക്കാരെ കാണാത്തതിനെത്തുടർന്ന് ആലപ്പുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസിലെ അഞ്ച് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. റസ്റ്റ് ഹൗസ് മാനേജർ വി.വി. വിപിനൻ, എസ്.എൽ.ആർ. വർക്കർ കെ. കമർ, കുക്ക് എം.ആർ. രാമാനുജൻ, മേട്ടി ശ്രീകലാ നന്ദനൻ, ബട്ലർ ബിനു സെബാസ്റ്റ്യൻ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച (നവംബർ 10) ഉച്ചയോടെ കടപ്പുറത്തുള്ള റസ്റ്റ് ഹൗസിൽ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ എത്തിയപ്പോഴായിരുന്നു സംഭവം. ഡ്യൂട്ടിയിൽ ഉണ്ടാകേണ്ട ജീവനക്കാരെ ആരെയും സ്ഥലത്ത് കാണാത്തതിനെ തുടർന്ന് മന്ത്രിയുടെ നിർദേശപ്രകാരം കെട്ടിടവിഭാഗം എക്സിക്യുട്ടീവ് എൻജിനിയർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ്തല നടപടി.
അന്വേഷണത്തിൽ ചൊവ്വാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് പേരിൽ കെ. കമർ, എം.ആർ. രാമാനുജൻ എന്നിവർ മാത്രമാണ് ഹാജർ പുസ്തകത്തിൽ ഒപ്പിട്ടിരുന്നതെന്നും, മാനേജർ വിപിനൻ, ശ്രീകലാ നന്ദനൻ, ബിനു സെബാസ്റ്റ്യൻ എന്നിവർ ഹാജർ രേഖപ്പെടുത്തിയിരുന്നില്ലെന്നും കണ്ടെത്തി.
എന്നാൽ മന്ത്രി എത്തിയ സമയത്ത് ജീവനക്കാർ ഉച്ചഭക്ഷണം കഴിക്കുകയായിരുന്നുവെന്നാണ് മാനേജറുടെ വിശദീകരണം. കമറും ബിനുവും ഭക്ഷണം കഴിക്കാൻ പുറത്തുപോയതാണെന്നും, വിപിനൻ, ശ്രീകല, രാമാനുജൻ എന്നിവർ റസ്റ്റ് ഹൗസിലെ മുറിയിലുമാണ് ഭക്ഷണം കഴിച്ചിരുന്നതെന്നുമാണ് ഇവർ അറിയിച്ചത്. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്നവർ ഹാജർ രേഖപ്പെടുത്താതിരുന്നതും, ഹാജർ രേഖപ്പെടുത്തിയവർ ജോലിസ്ഥലത്തുനിന്ന് മാറിനിന്നതും ഗുരുതര വീഴ്ചയാണെന്ന് വിലയിരുത്തിയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.



