ലീഗ് മന്ത്രിയെ മറികടന്ന് സംഘപരിവാർ അജണ്ട നടപ്പാക്കുന്നത് ആര്? വിദ്യാഭ്യാസ മന്ത്രിക്കെതിരെ കെ. രാജന്റെ വിമർശനം

സംഘപരിവാർ പ്രസിദ്ധീകരണമായ ‘മയിൽപ്പീലി’ മാസികയുടെ സ്കോളർഷിപ്പ് മത്സരം സ്കൂളുകളിൽ സംഘടിപ്പിക്കാൻ അനുമതി നൽകിയ യു.ഡി.എഫ്. സർക്കാരിനും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനും എതിരെ മുൻമന്ത്രി കെ. രാജൻ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ആർ.എസ്.എസ്. വിധേയത്വമുള്ള സംഘടന നടത്തുന്ന പരീക്ഷയെക്കുറിച്ചും അതിലെ ചോദ്യങ്ങളെക്കുറിച്ചും മന്ത്രി അറിഞ്ഞില്ലെന്ന് പറയുന്നത് അതീവ അപമാനകരമാണെന്നും, മന്ത്രി അറിഞ്ഞില്ലെങ്കിൽ പിന്നെ ആരുടെയൊക്കെ അറിവോടെയാണ് ഇത്തരം കാര്യങ്ങൾ നടക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശാസ്ത്രമേളയിലെ ടൈ-ബ്രേക്കർ ചോദ്യത്തിൽ ‘ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി വി.ഡി. സവർക്കർ’ ആണെന്ന് ഉൾപ്പെടുത്തിയത് വലിയ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് കെ. രാജൻ പറഞ്ഞു. അധ്യാപകർ മുതൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ വരെ ആർ.എസ്.എസ് വിധേയത്വമുള്ള നടപടികൾ സ്വീകരിക്കുമ്പോൾ മന്ത്രി എങ്ങനെയാണ് നിസ്സംഗനായി ഇരിക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു. ലീഗ് നേതാവായിട്ടുള്ള ഒരു വിദ്യാഭ്യാസ മന്ത്രി കേരളത്തിൽ അധികാരത്തിലിരിക്കുമ്പോൾ ഇത്തരം പ്രവണതകൾ അരങ്ങേറുന്നത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശിക്ഷക് സദന്റെ ഗവേണിങ് ബോഡിയിലേക്കും എസ്.സി.ആർ.ടി ബോഡിയിലേക്കും ആർ.എസ്.എസിന്റെ അധ്യാപക സംഘടന പ്രതിനിധികളെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചതും സർക്കാർ സംഘപരിവാറിന് സമ്പൂർണമായി വിധേയത്വം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമാണെന്ന് കെ. രാജൻ കുറ്റപ്പെടുത്തി. പി.എം. ശ്രീ പദ്ധതി നടപ്പിലാക്കുന്നതിലും പാഠ്യപദ്ധതി നിർണയ സമിതികളിലേക്ക് ആർ.എസ്.എസ്. പ്രതിനിധികളെ ഉൾപ്പെടുത്തുന്നതിലൂടെ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തും ആർ.എസ്.എസ്. പിടിമുറുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.



