തനിഷ്‌ക് ജുവലറി കവർച്ചയിൽ കുടുങ്ങിയത് ടാറ്റുവും ചാറ്റും; കാമുകിക്ക് വീട് പണിയാൻ നിശാന്ത് നടത്തിയ മോഷണം!

ചെന്നൈ: മധുരയിലെ തനിഷ്‌ക് ജുവലറി കവർച്ചയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തന്റെ പെൺസുഹൃത്തും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ മീനാക്ഷിയുടെ വീടുപണി പൂർത്തിയാക്കാനും കടം വീട്ടാനുമുള്ള പണം കണ്ടെത്താനാണ് മുഖ്യപ്രതി നിശാന്ത് മോഷണം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. നിശാന്തിനെ അറസ്റ്റുചെയ്ത ചോദ്യംചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇയാൾക്കുവേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.
21 കോടിരൂപയുടെ സ്വർണമാണ് ജുവലറിയിൽ നിന്ന് മോഷ്ടിച്ചത്. ഇതിൽ കുറച്ചുഭാഗം മദകുളം ടാങ്കിന് സമീപമുള്ള പാടത്തുനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മോഷണ മുതൽ മീനാക്ഷിക്കൊപ്പം ചേർന്ന് മദകുളം ടാങ്കിന് സമീപത്തെ തന്റെ വയലിൽ ഒളിപ്പിക്കാനായിരുന്നു നിശാന്തിന്റെ പദ്ധതി. ഇതിനായി പിതാവിനെ തിരുപ്പറങ്കുണ്ട്രത്തെ പാലത്തിനടുത്തേക്ക് വിളിച്ചുവരുത്തി സ്വർണം ഏൽപ്പിച്ചു.
പിറ്റേന്ന് പിതാവിനൊപ്പം ഓട്ടോയിൽ വയലിലെത്തി മോഷണമുതലിന്റെ ഒരു ഭാഗം കുഴിച്ചിടുകയും മോഷണസമയത്ത് ധരിച്ചിരുന്ന വസ്ത്രമുൾപ്പെടെയുള്ളവ കത്തിച്ചശേഷം ബാക്കിയുണ്ടായിരുന്ന സ്വർണവുമായി നിശാന്ത് രക്ഷപ്പെടുകയുമായിരുന്നു.സിസിടിവി ദൃശ്യങ്ങളും നിശാന്തും സുരേഷും വസ്ത്രങ്ങൾ കത്തിക്കുന്നത് കണ്ടയാളുടെ മൊഴിയുമാണ് പ്രതികളെ കുടുക്കിയത്. മീനാക്ഷിയുടെ സ്‌കൂട്ടറിലാണ് നിശാന്ത് ജുവലറിയിൽ എത്തിയത്. നിശാന്തിന്റെ കയ്യിൽ പച്ചകുത്തിയിരുന്നത് സിസിടിവിയിൽ വ്യക്തമായി കാണാനായി.
ഇതും പൊലീസിന് കാര്യങ്ങൾ എളുപ്പമാക്കി. സംശയാസ്പദമായി ജുവലറിയുടെ സമീപത്തുകണ്ട ഇയാളുടെ ദൃശ്യങ്ങൾ ജീവനക്കാരും തിരിച്ചറിഞ്ഞു. ഇതോടെ അന്വേഷണം നിശാന്ത്, പിതാവ് സുരേഷ്, നിശാന്തിന്റെ പെൺസുഹൃത്ത് മീനാക്ഷി എന്നിവരിലേക്ക് എത്തുകയായിരുന്നു.
മോഷണം വിജയിച്ച വിവരം നിശാന്ത് മീനാക്ഷിയെ ഫോണിൽ അറിയിച്ചിരുന്നു. ഇരുവരും ചാറ്റും ചെയ്തു. ഇതാണ് മീനാക്ഷിയിലേക്ക് അന്വേഷണമെത്തിച്ചത്. മീനാക്ഷി ആഭരണങ്ങളും മറ്റും ഓൺലൈനിൽ വിൽക്കുന്നുമുണ്ട്. അറസ്റ്റിലായ സുരേഷിനെയും മീനാക്ഷിയെയും ചോദ്യംചെയ്യുന്നത് തുടരുകയാണ്.
രണ്ടാം ശ്രമത്തിൽ വിജയിച്ച മോഷണം ദീപാവലിയോടനുബന്ധിച്ച് ഒക്ടോബർ 14നു തിടുക്കപ്പെട്ടാണ് തനിഷ്‌ക് പ്രവർത്തനമാരംഭിച്ചത്. ഷോറൂമിന്റെ പണി പൂർത്തിയായിരുന്നില്ല. മോഷണത്തിനു മുൻപ് ആഭരണം വാങ്ങാനെന്ന വ്യാജേന മൂന്നുതവണ നിശാന്ത് ജുവലറിയിലെത്തിയിരുന്നു. വ്യത്യസ്ത ഷർട്ടുകളാണ് ധരിച്ചിരുന്നത്. എന്നാൽ ഒരേ തൊപ്പിയായിരുന്നു മൂന്നുതവണയുമെന്ന് സി.സി ടിവിയിൽ കണ്ടെത്തി. കൈയിൽ ബാൻഡേജുമുണ്ടായിരുന്നു. ആഭരണങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന രീതിയും ഷോറൂമിന്റെ ഉൾവശവും മനസിലാക്കാനായിരുന്നു സന്ദർശനം.
നവംബർ 5നു പുലർച്ചെ ഷോറൂമിൽ കടക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 12നു പുലർച്ചെ 3.34ന് വീണ്ടുമെത്തിയ നിശാന്ത് കെട്ടിടത്തിനു പുറത്തുള്ള ഇരുമ്പ് ഗോവണി വഴി മൂന്നാം നിലയിലെ ടെറസിലേക്കുകയറി. പണി പൂർത്തിയാകാത്ത ലിഫ്റ്റിന്റെ ഷാഫ്റ്റിൽ കയർ കെട്ടി താഴേക്കിറങ്ങി ഷോറൂമിൽ കടന്നു. ഒരു മണിക്കൂറെടുത്ത് ആഭരണങ്ങൾ ബാഗുകളിലാക്കിയശേഷം സ്കൂട്ടറിൽ രക്ഷപ്പെട്ടു. കൂടുതൽ ആഭരണങ്ങൾ ഡിസ്‌പ്ലേയിൽ സൂക്ഷിച്ചതും സുരക്ഷാഅലാറം ഓഫായിരുന്നതും ഇയാൾക്ക് സൗകര്യമായി.



