തെളിവുകളില്ല, അവ്യക്തത മാത്രം; പൂരം കലക്കൽ അന്വേഷണ റിപ്പോർട്ട് മടക്കി ആഭ്യന്തര വകുപ്പ്, നടപടിയെ സ്വാഗതം ചെയ്ത് തിരുവമ്പാടി ദേവസ്വം!

തൃശ്ശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് മടക്കി. റിപ്പോർട്ടിൽ അവ്യക്തതയുണ്ടെന്നും കൃത്യമായ തെളിവുകളുടെ അഭാവമുണ്ടെന്നും വിലയിരുത്തിയതിനെ തുടർന്നാണ് ഈ നടപടി. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ ആഭ്യന്തര വകുപ്പ്, കൃത്യമായ തെളിവുകൾ സഹിതം റിപ്പോർട്ട് വീണ്ടും സമർപ്പിക്കാൻ നിർദ്ദേശം നൽകി.

ക്രൈം ബ്രാഞ്ച് മേധാവി എച്ച്. വെങ്കിഡേഷ് തയ്യാറാക്കി പോലീസ് മേധാവി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടാണ് ഇപ്പോൾ മടക്കിയിരിക്കുന്നത്. പോലീസും ദേവസ്വവും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് പൂരം അലങ്കോലപ്പെടാൻ കാരണമെന്നായിരുന്നു റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ആകെ 16 വീഴ്ചകൾ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും അവ തെളിയിക്കാനാവശ്യമായ രേഖകളില്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്. തിരുവമ്പാടി ദേവസ്വത്തിലെ എട്ട് ഭാരവാഹികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ അനുമതി തേടിക്കൊണ്ടായിരുന്നു ഈ റിപ്പോർട്ട് നൽകിയത്. എന്നാൽ, എഡിജിപി എം.ആർ. അജിത്കുമാറിന്റെ ഇടപെടലുകളെക്കുറിച്ച് റിപ്പോർട്ടിൽ കാര്യമായ വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല.

2024-ലെ തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനെത്തുടർന്ന് കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് സംഭവത്തിൽ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. ഡിജിപിയും ഇന്റലിജൻസ് മേധാവിയും നടത്തിയ അന്വേഷണ റിപ്പോർട്ടുകൾ നേരത്തെ തന്നെ സർക്കാരിന് കൈമാറിയിരുന്നെങ്കിലും, അട്ടിമറി സാധ്യതകളെക്കുറിച്ച് ക്രൈംബ്രാഞ്ച് മേധാവി നടത്തിയ അന്വേഷണ റിപ്പോർട്ട് മാസങ്ങൾക്ക് ശേഷമാണ് സമർപ്പിച്ചത്.

അതേസമയം പൂരം കലക്കൽ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് മടക്കിയത് സ്വാഗതം ചെയ്ത് തിരുവമ്പാടി ദേവസ്വം. തിരുവമ്പാടി ദേവസ്വം ഭാരവാഹികളെ പ്രതി ചേർക്കാൻ അനുമതി തേടിയുള്ള റിപ്പോർട്ട് ഏകപക്ഷീയമെന്ന് ദേവസ്വം സെക്രട്ടറി ഗിരീഷ്കുമാർ പറഞ്ഞു. പൂരംകലക്കലിൽ ഉന്നയിച്ച കാര്യങ്ങൾ ഇപ്പോഴും പ്രസക്തമെന്ന് സിപിഐ പ്രതികരിച്ചു. ബാഹ്യ സമ്മർദ്ദം ഉണ്ടായിരുന്നെന്നും യാഥാർത്ഥ്യം ജനങ്ങൾക്ക് ബോധ്യപ്പെടണമെന്നും മുൻ മന്ത്രി കെ രാജൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button