അയ്യപ്പഭക്തർക്ക് ആശ്വാസം; ശബരിമല തീർഥാടനത്തിന് പുതിയ സൗകര്യവുമായി കെഎസ്ആർടിസി

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് അയ്യപ്പഭക്തർക്ക് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുന്നതിനായി കെഎസ്ആർടിസി പ്രത്യേക ചാർട്ടേഡ് ട്രിപ്പ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി സി പി ജോൺ. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ആരംഭിച്ച 24 മണിക്കൂർ കൺട്രോൾ റൂമിലെ കെഎസ്ആർടിസി ബുക്കിംഗ് കൗണ്ടറിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

വ്യക്തികൾക്കും കുടുംബങ്ങൾക്കും ഭക്തസംഘങ്ങൾക്കും വിവിധ സംഘടനകൾക്കും തങ്ങളുടെ യാത്രാ ആവശ്യങ്ങൾക്കനുസരിച്ച് കെഎസ്ആർടിസി ബസുകൾ മുൻകൂട്ടി ബുക്ക് ചെയ്ത് യാത്ര ചെയ്യാൻ ഈ സംവിധാനം വഴി സാദ്ധ്യമാകും. യാത്രക്കാരുടെ എണ്ണം, യാത്ര ആരംഭിക്കുന്ന സ്ഥലം, തീയതി, സമയം, യാത്രയുടെ ദൈർഘ്യം എന്നിവയുടെ അടിസ്ഥാനത്തിൽ ചാർട്ടേഡ് സർവീസുകൾ ക്രമീകരിക്കാം. ഭക്തർക്ക് സ്വന്തം പ്രദേശത്തുനിന്ന് തന്നെ പമ്പയിലേക്കും തിരിച്ചും നേരിട്ട് യാത്ര ചെയ്യുന്നതിനുള്ള സൗകര്യം ഇതിലൂടെ ലഭ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി.

കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ മുഖേനയാണ് ചാർട്ടേഡ് ട്രിപ്പുകൾ ക്രമീകരിക്കുന്നതെന്നും ഇതിനായി ഓൺലൈൻ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ ഡിപ്പോകൾക്കും പ്രത്യേക സർവീസ് കേന്ദ്രങ്ങൾക്കും സമീപമുള്ള ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് ആവശ്യാനുസരണം പമ്പയിലേക്ക് പ്രത്യേക സർവീസുകൾ നടത്തും. ഇതിനുപുറമെ തീർഥാടകർക്ക് വിശ്രമിക്കുന്നതിനും വിരിവയ്ക്കുന്നതിനുമുൾപ്പെടെയുള്ള ക്രമീകരണങ്ങളും കെഎസ്ആർടിസി ഒരുക്കിയിട്ടുള്ളതായി മന്ത്രി കൂട്ടിച്ചേർത്തു.

കൺട്രോൾ റൂമിന്റെ ഉദ്ഘാടനം ദേവസ്വം മന്ത്രി കെ മുരളീധരൻ നിർവഹിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ, മേയർ വി വി രാജേഷ്, ദേവസ്വം ബോർഡം​ഗങ്ങളായ പി ഡി സന്തോഷ്കുമാർ, അഡ്വ കെ രാജു, ദേവസ്വം കമ്മീഷണർ ബി സുനിൽകുമാർ കെഎസ്ആർടിസി സി എം ഡി പ്രമോജ് ശങ്കർ, വാർഡ് കൗൺസിലർ കെ ആർ ക്ലീറ്റസ്, ദേവസ്വം ബോർഡ് സെക്രട്ടറി ബി ദീപ, ധനലക്ഷ്മി ബാങ്ക് റീജിയണൽ ഹെഡ് വി വി ശ്രീകാന്ത്, അപ്പോളോ ​ഗ്രൂപ്പ് ദേശീയ മേധാവി സുധ ജിജാരിയ, ദേവസ്വം ബോർഡ് ചീഫ് എഞ്ചിനീയർ രഞ്ജിത് കെ ശേഖർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button