കൊല്ലത്ത് 13കാരന് ക്രൂരമർദനം; രണ്ടാനച്ഛൻ പിടിയിൽ, നടപടി മുഖ്യമന്ത്രിയുടെ ഇടപെടലിന് പിന്നാലെ

കൊല്ലം: ചടയമംഗലത്ത് മദ്യലഹരിയിൽ 13കാരനെ ക്രൂരമായി മർദിച്ച രണ്ടാനച്ഛൻ പിടിയിൽ. കുരിയോട് സ്വദേശി രാജേഷിനെയാണ് ചടയമംഗലം പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രിയാണ് ഇയാൾ കുട്ടിയെ അതിക്രൂരമായി മർദിച്ചത്. കുട്ടിയുടെ വസ്‌ത്രം അഴിച്ചുമാറ്റി വടികൊണ്ട് മർദിക്കുകയായിരുന്നു.

വേദനകൊണ്ട് കുട്ടി നിലവിളിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെ സംഭവത്തിൽ കൊല്ലം റൂറൽ എസ്‌പിയോട് മുഖ്യമന്ത്രി വി ഡി സതീശൻ ഫോണിൽ സംസാരിച്ചു. പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്‌ത് നിയമനടപടി സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നു.

തുടർന്നാണ് നടപടിയെടുത്തത്.കുട്ടിയെ രാജേഷ് സ്ഥിരമായി മർദിക്കാറുണ്ടായിരുന്നുവെന്ന് ബന്ധു വെളിപ്പെടുത്തി. കഴിഞ്ഞ വർഷവും കുട്ടിയെ ഇയാൾ ക്രൂരമായി ആക്രമിച്ചിരുന്നുവെന്നും ബന്ധു പറഞ്ഞു. കുട്ടിയെ ഇഷ്‌ടമല്ലാത്തതിനാൽ അസഭ്യം പറയുന്നത് പതിവായിരുന്നുവെന്നും യാതൊരു കൂസലുമില്ലാതെയാണ് ഇന്നലെ മർദിച്ചതെന്നും ബന്ധു ആരോപിച്ചു.സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മർദനത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.

കൊല്ലം റൂറൽ എസ്‌പി, ചടയമംഗലം എസ്‌എച്ച്‌ഒ, ജില്ലാ ശിശു വികസന ഓഫീസർ എന്നിവരോട് ബാലാവകാശ കമ്മീഷൻ വിശദീകരണവും തേടിയിട്ടുണ്ട്.സംഭവത്തിൽ അടിയന്തരമായി കേസെടുക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്‌ണയും നിർദേശം നൽകിയിട്ടുണ്ട്. കുട്ടിക്ക് ആവശ്യമായ കൗൺസിലിംഗും സംരക്ഷണവും ഉറപ്പാക്കുമെന്നും കുറ്റക്കാർക്കെതിരെ വിട്ടുവീഴ്‌ചയില്ലാത്ത നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button