അഭിറാമിന്റെ മൃതദേഹം വീട്ടിലെത്തി; അവസാന നോവോടെ ഒരുനോക്ക് കാണാൻ അമ്മയും സഹോദരിയും നാട്ടിലെത്തി

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ കൊല്ലപ്പെട്ട അഭിറാമിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. പാങ്ങപ്പാറ സംഗീത നഗർ നേതാജി ലെയിനിൽ വാടകയ്ക്ക് താമസിക്കുന്ന ഓട്ടോ ഡ്രൈവറായ മധുവിന്റെയും ധർമ്മജയുടെയും മകനാണ് 17കാരനായ അഭിറാം. അഭിറാമിന്റെ അവസാനമായി കാണാൻ ഉറ്റവരും സുഹൃത്തുക്കളും പ്രദേശവാസികളുമടക്കം ഒട്ടനേകം പേരാണ് തടിച്ചുകൂടിയിരിക്കുന്നത്.
ബന്ധുക്കൾ അലമുറയിട്ട് കരയുന്ന ഹൃദയഭേദകമായ കാഴ്ചയാണ് എങ്ങുമുള്ളത്. ഗൾഫിലായിരുന്ന അഭിറാമിന്റെ മാതാവും സഹോദരിയും മകനെ അവസാനമായി ഒരുനോക്കുകാണാൻ നാട്ടിലെത്തി. പൊതുദർശത്തിനുശേഷം അൽപസമയത്തിനകം മൃതദേഹം കഴക്കൂട്ടത്തെ പൊതുശ്മശാനത്തേയ്ക്ക് കൊണ്ടുപോകും. ഇവിടെയാണ് സംസ്കാരച്ചടങ്ങുകൾ നടക്കുക. എം.ജി. കോളജിന് സമീപം എൻ.എസ്.എസ് ഹയർസെക്കഡറി സ്കൂളിലെ ഒന്നാംവർഷ ഹ്യുമാനിറ്റിസ് വിദ്യാർത്ഥിയാണ് അഭിറാം.അഭിറാമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.
സിനിമാക്കഥകളെ വെല്ലുന്ന ആസൂത്രണമാണ് പ്രതികൾ നടത്തിയത്. മൂന്നാംപ്രതിയായ ആനന്ദയുടെ മൊബൈൽ ഫോൺ കാമുകനും ഒന്നാം പ്രതിയുമായ 17കാരൻ വാങ്ങി വീട്ടിൽ കൊണ്ടുപോയി രണ്ടു ദിവസംകൊണ്ടാണ് കുറ്റകൃത്യം ആസൂത്രണം ചെയ്തത്. അഭിറാമിന് ആനന്ദയുടെ പേരിൽ മെസേജുകൾ അയച്ചുകൊണ്ടായിരുന്നു ആസൂത്രണം.17 കാരൻ കൊലപ്പെടുത്താൻ ഉദ്ദേശിച്ച പൂർവ്വകാമുകിയുടെ പുതിയ കാമുകനെ അഭിറാമിനെക്കൊണ്ട് സ്നേഹത്തിൽ വിളിച്ചുവരുത്തുകയായിരുന്നു ലക്ഷ്യം.
ഈ പുതിയ കാമുകൻ അഭിറാമിന്റെ സുഹൃത്താണ്. 17 വയസുകാരനായ പുതിയ കാമുകനെ അഭിറാം വിളിച്ചെങ്കിലും അയാൾ വന്നില്ല. വീണ്ടും വീണ്ടും വിളിക്കാൻ നിർബന്ധിച്ചെങ്കിലും അഭിറാം വഴങ്ങിയില്ല. തുടർന്നുള്ള വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. കാപ്പാ കേസിലടക്കം പ്രതിയായ രണ്ടാംപ്രതി ഉമർ മുഫ്താർ (22) ആണ് കൊലപാതകം നടത്തിയതെന്ന സംശയവും നിലവിലുണ്ട്.



