ആസൂത്രണ ബോർഡ് പിഎസ്‌സി പരീക്ഷാ ക്രമക്കേട്: ശ്യാം കൃഷ്ണന് നിയമനം നൽകും; അരുൺ പ്രതാപിന്റെ ശുപാർശ റദ്ദാക്കും

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ വിവാദമായ പിഎസ്‌സി പരീക്ഷയുടെ പുനർമൂല്യനിർണയത്തിൽ ഒന്നാം റാങ്ക് നേടിയ ശ്യാം കൃഷ്ണന് നിയമനം നൽകാൻ പിഎസ്‌സി. നേരത്തെ ഒന്നാം റാങ്ക് നേടി ജോലിയിൽ പ്രവേശിച്ച അരുൺ ജെ. പ്രതാപിന്റെ നിയമന ശുപാർശ റദ്ദാക്കാനും പിഎസ്‌സി തീരുമാനിച്ചു. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും. എന്നാൽ, നിയമനം ലഭിച്ച് ഒരു വർഷം പിന്നിട്ട സാഹചര്യത്തിൽ അരുൺ പ്രതാപിനെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് നിയമപോരാട്ടത്തിന് സാധ്യതയുണ്ട്.

വിവാദമായ പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പിഎസ്‌സി ഇന്നലെ രാത്രിയാണ് പ്രസിദ്ധീകരിച്ചത്. പരാതിക്കാരനായ ശ്യാം കൃഷ്ണൻ പുനർമൂല്യനിർണയത്തിൽ ഒന്നാം റാങ്കിലെത്തി. പഴയ പട്ടികയിൽ ഒന്നാമതെത്തി നിയമനം നേടിയ അരുൺ പ്രതാപ് അഞ്ചാം റാങ്കിലേക്ക് പിന്തള്ളപ്പെട്ടു.

ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ പ്ലാൻ കോർഡിനേഷൻ ഡിവിഷനിലെ തസ്തികകളിലേക്കുള്ള പൊതുപരീക്ഷയുടെ മൂല്യനിർണയത്തിലാണ് ക്രമക്കേട് ആരോപണം ഉയർന്നത്. ഉത്തരക്കടലാസിലെ പത്ത് ചോദ്യങ്ങൾക്ക് മാർക്ക് നൽകാതെ ചുരുക്കപ്പട്ടികയും റാങ്ക് പട്ടികയും തയ്യാറാക്കിയെന്നായിരുന്നു പരാതി. പഴയ റാങ്ക് പട്ടികയിലെ മൂന്നാം സ്ഥാനക്കാരനായ ശ്യാം കൃഷ്ണന്റെ നിയമപോരാട്ടമാണ് സംഭവം പുറത്തുകൊണ്ടുവന്നത്.

ഡിജിറ്റൽ മൂല്യനിർണയത്തിലെ തകരാറാണ് പിഴവിന് കാരണമെന്നായിരുന്നു പിഎസ്‌സിയുടെ വിശദീകരണം. തുടർന്ന് ആഭ്യന്തര അന്വേഷണത്തിനും നടപടികളുണ്ടായി. പത്ത് ഉത്തരങ്ങൾ കൂടി വിലയിരുത്തി മാർക്ക് പുതുക്കിയതോടെയാണ് പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്.

പുതിയ പട്ടികയിൽ ശ്യാം കൃഷ്ണൻ ഒന്നാമതെത്തിയതോടെ അദ്ദേഹത്തിന് നിയമനം നൽകാനുള്ള നടപടികൾ പിഎസ്‌സി ഉടൻ ആരംഭിക്കും. അതേസമയം, പഴയ പട്ടികയുടെ അടിസ്ഥാനത്തിൽ നിയമനം നേടിയ അരുൺ ജെ. പ്രതാപിന്റെ നിയമന ശുപാർശ റദ്ദാക്കുന്നതും തുടർനടപടികളും നിർണായകമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button