പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ പട്ടാപ്പകൽ മോഷണം; 12 പവൻ സ്വർണവും പണവും കവർന്നു

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ പട്ടാപകൽ വൻമോഷണം. തിരുവനന്തപുരം വെമ്പായത്തിനടുത്ത് കന്യാകുളങ്ങരയിലാണ് സംഭവം. വട്ടപ്പാറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ജസ്‌നാദിന്റെ വീട്ടിൽനിന്നും 12 പവൻ സ്വർണവും 2500 രൂപയുമാണ് നഷ്‌ടമായത്.

ജസ്‌നാദും അദ്ധ്യാപികയായ ഭാര്യയും മൂന്ന് മക്കളുമാണ് വീട്ടിലുള്ളത്. ജസ്‌നാദും ഭാര്യയും രാവിലെ ജോലിക്കും കുട്ടികൾ സ്‌കൂളിലും പോയ സമയത്താണ് കവർച്ച നടന്നത്.രാവിലെ 8.30നും വൈകിട്ട് 3.30നുമിടയിലായിരുന്നു സംഭവം എന്നാണ് സൂചന. വൈകിട്ട് മൂന്നരക്ക് ശേഷം കുട്ടികളെയും കൂട്ടി ജസ്‌നാദിന്റെ ഭാര്യ വീട്ടിലെത്തിയപ്പോഴാണ് കവർച്ച നടന്നെന്ന് മനസിലായത്. വീടിന്റെ മുൻവാതിലിന്റെ പൂട്ട് തകർന്നനിലയിലായിരുന്നു.

പെട്ടെന്നുതന്നെ ജസ്‌നാദിനെയും വെഞ്ഞാറമൂട് പൊലീസിനെയും അടുത്തുള്ള നാട്ടുകാരെയും ഇവർ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ കിടപ്പുമുറിയിൽ അലമാരിയിൽ സൂക്ഷിച്ച 12 പവൻ സ്വർണവും പണവും നഷ്‌ടമായെന്ന് കണ്ടെത്തി. വീട്ടിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് വെഞ്ഞാറമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button