15കാരനായ ബന്ധുവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡനം; പ്രതിക്ക് 47 വർഷം കഠിനതടവ്

തിരുവനന്തപുരം: ബന്ധുവായ 15 വയസ്സുള്ള ആൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 47 വർഷം കഠിനതടവും 32000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് ദാസ് ആന്റണി(43)ക്ക് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാത്ത പക്ഷം മൂന്നു വർഷവും മൂന്ന് മാസവും കൂടി തടവ് അനുഭവിക്കണം.

2025 മെയ് 24-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയൽവാസി കൂടിയായ കുട്ടിയോട് പ്രതി തന്റെ വീട്ടിലെ കോഴിക്ക് കൊടുക്കാൻ അരിയുമായി ചെല്ലാൻ നിർദേശിച്ചു. ഇതനുസരിച്ച് അരിയുമായി എത്തിയ കുട്ടിയെ പ്രതി വീടിനകത്തേക്ക് കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു.

പ്രതിയുടെ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് കൃത്യം നടത്തിയത്. ഇതിനിടെ വീട്ടിലെത്തിയ ആളോട് സംസാരിക്കാനായി കുട്ടിയെ അകത്ത് മുറിയിൽ പൂട്ടിയിട്ടശേഷമാണ് ഇയാൾ പുറത്തിറങ്ങിയത്. ഈ സമയം കുട്ടിയെ അന്വേഷിച്ചു വന്ന അപ്പൂപ്പനെ, കുട്ടി നേരത്തെ പോയി എന്നുപറഞ്ഞ് മടക്കി അയച്ച ശേഷം പ്രതി പീഡനം തുടർന്നു.

ഭയന്നുപോയ കുട്ടി സംഭവത്തെക്കുറിച്ച് ആരോടും പറഞ്ഞില്ല. പിന്നീട് പ്രതിയുടെ വീട്ടിലേയ്ക്ക് വീണ്ടും സാധനങ്ങൾ നൽകാൻ വീട്ടുകാർ നിർബന്ധിച്ചതോടെയാണ് കുട്ടി വിവരം പുറത്തുപറഞ്ഞത്. വീട്ടുകാർ വഴക്ക് പറയുന്നതിനിടെ സഹോദരിയോടാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. പിന്നാലെ കുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചു.

എന്നാൽ പ്രതി ബന്ധുവായതിനാൽ പോലീസിൽ അറിയിക്കരുതെന്ന് പറഞ്ഞ് ബന്ധുക്കളുടെ ഭാഗത്തുനിന്നും വലിയ സമ്മർദ്ദമുണ്ടായി. ഇതൊന്നും വകവെയ്ക്കാതെ കുട്ടിയുടെ അമ്മ വലിയതുറ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

വലിയതുറ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർമാരായ പ്രകാശ് ആർ., അരുൺ എസ്. എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. ആർ.എസ്. വിജയ് മോഹൻ, അഡ്വ. സുരഭി പി. എന്നിവർ ഹാജരായി. കേസിൽ 16 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകളും മൂന്ന് തൊണ്ടിമുതലും ഹാജരാക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button