‘തായ് മാമൻ തങ്കമോതിരം’ കിട്ടാൻ വൈകി; നഴ്സിനെ വെട്ടി യുവാവ്, ഞെട്ടിക്കുന്ന സംഭവം

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാറിന്റെ ‘തായ് മാമൻ തങ്കമോതിരം’ പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി. തഞ്ചാവൂർ സ്വദേശി മദൻ ആണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സായ അലമേലുവിനെയും (35) രണ്ട് ബന്ധുക്കളെയും വീട്ടിൽ കയറി മൺവെട്ടികൊണ്ട് ആക്രമിച്ചത്.
സെപ്തംബർ 16നാണ് മദൻ -വനിത ദമ്പതികൾക്ക് കുഞ്ഞ് ജനിച്ചത്. വീട്ടിൽ ചടങ്ങ് ഉണ്ടെന്നും ഉടൻ തന്നെ മോതിരം വേണമെന്നും മദൻ നഴ്സിനോട് ആവശ്യപ്പെട്ടു. എന്നാൽ മുൻഗണനാക്രമം അനുസരിച്ച് മാത്രമേ മോതിരം നൽകാനാകൂവെന്നും സെപ്തംബർ 20 മുതൽ ജനിച്ച കുഞ്ഞുകൾക്കാണ് മുഖ്യ പരിഗണനയെന്നും അലമേലു മറുപടി നൽകി.തുടർന്ന് വൈകിട്ട് മദ്യപിച്ചതിന് ശേഷം നഴ്സിന്റെ വീട്ടിലെത്തിയ മദൻ അലമേലുവിനെയാണ് ആദ്യം ആക്രമിച്ചത്.
ഇത് തടയാൻ ശ്രമിച്ച അലമേലുവിന്റെ സഹോദരൻ സുമൻ, അമ്മ സുജാത എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റു. മൂവരും ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ മദനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.തമിഴ്നാട്ടിൽ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന പദ്ധതിയാണ് ‘തായ് മാമൻ തങ്കമോതിരം’. മുഖ്യമന്ത്രി വിജയ് സെപ്തംബർ 23നാണ് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
സർക്കാർ ആശുപത്രികളിലും പ്രൈമറി ഹെൽത്ത് സെന്ററുകളിലും ജനിക്കുന്ന അർഹരായ കുഞ്ഞുങ്ങൾക്കാണ് സ്വർണ മോതിരം ലഭിക്കുക. ജൂൺ 22 മുതൽ സർക്കാർ ആശുപത്രികളിൽ ജനിച്ച കുട്ടികളും പദ്ധതിയുടെ ഗുണഭോക്താക്കളാകും. 22 കാരറ്റ് സ്വർണത്തിൽ ഒരു ഗ്രാം വീതമുള്ള മോതിരങ്ങളാണിത്.



