പാലക്കാട് സിപിഎമ്മിൽ നേതൃമാറ്റം; ഇ.എൻ. സുരേഷ് ബാബുവിന് പകരം വി. ചെന്താമരാക്ഷൻ ജില്ലാ സെക്രട്ടറി

പാലക്കാട് സിപിഎമ്മിൽ അസാധാരണ നടപടിയുമായി പാർട്ടി സംസ്ഥാന നേതൃത്വം. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ. സുരേഷ് ബാബുവിനെ നീക്കി മുൻ എംഎൽഎയും മുതിർന്ന നേതാവുമായ വി. ചെന്താമരാക്ഷനെ പുതിയ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനമുണ്ടായത്. പാർട്ടി സമ്മേളന കാലയളവിലല്ലാതെ ഇത്തരത്തിൽ ജില്ലാ സെക്രട്ടറിയെ മാറ്റുന്നത് സിപിഎമ്മിൽ അപൂർവ്വവും അസാധാരണവുമായ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.
വിപുലീകരിച്ച ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ നേതൃത്വത്തിനും പ്രത്യേകിച്ച് ഇ.എൻ. സുരേഷ് ബാബുവിനുമെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നുവന്നത്. ജില്ലയിലെ വിഭാഗീയതയും വിമത നീക്കങ്ങളും തടയുന്നതിൽ ജില്ലാ സെക്രട്ടറി പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. വ്യക്തികേന്ദ്രീകൃതമായ ഗ്രൂപ്പുകളുടെ പ്രവർത്തനം തടയാൻ സാധിക്കാത്തതാണ് തൃത്താലയിലും കോങ്ങാടും പാർട്ടിക്ക് അപ്രതീക്ഷിത പരാജയം സമ്മാനിച്ചതെന്നും, പാർട്ടിയുടെ അടിസ്ഥാന തത്വമായ കേന്ദ്രീകൃത സ്വഭാവം ജില്ലയിൽ നഷ്ടപ്പെട്ടുവെന്നും യോഗത്തിൽ വിമർശനമുയർന്നു.
ജില്ലാ സെക്രട്ടറിയുടെ പക്വതയില്ലാത്തതും ധാർഷ്ട്യം നിറഞ്ഞതുമായ പെരുമാറ്റം പാർട്ടിയുടെ താഴെത്തട്ടിലുള്ള പ്രതിച്ഛായയെയും സംഘടനാ അടിത്തറയെയും സാരമായി ബാധിച്ചുവെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് പകരം വിഭാഗീയത ആളിക്കത്തിച്ചത് തിരഞ്ഞെടുപ്പുകളിൽ കനത്ത തിരിച്ചടിയായി. ചിറ്റൂരിലെ തോൽവിക്ക് വഴിവെച്ച കൊഴിഞ്ഞാമ്പാറയിലെ വിമതനീക്കം തടയാൻ കഴിയാതിരുന്നതും സുരേഷ് ബാബുവിനെ മാറ്റണമെന്ന ആവശ്യം ശക്തമാക്കാനും പെട്ടെന്നുള്ള നടപടിയിലേക്ക് നയിക്കാനും കാരണമായി.
ജില്ലാ കമ്മിറ്റിയിലെ 11 സെക്രട്ടറിയേറ്റ് അംഗങ്ങളിൽ ഭൂരിഭാഗം പേരും സുരേഷ് ബാബുവിനെതിരെ നിലപാടെടുത്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ മുൻ മന്ത്രി എം.ബി. രാജേഷും എതിർപ്പറിയിച്ചതോടെ സംസ്ഥാന സെക്രട്ടറിയും പാർട്ടി നേതൃത്വവും സുരേഷ് ബാബുവിനെ കൈവിടുകയായിരുന്നു. രണ്ടാം വട്ടവും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഇ.എൻ. സുരേഷ് ബാബുവിന് കാലാവധി പൂർത്തിയാക്കാനാവാതെയാണ് ഒടുവിൽ പദവിയിൽ നിന്ന് പുറത്തുപോകേണ്ടി വന്നത്



