പാർട്ടിയുടെ മുഖം വികൃതമാക്കുന്ന പ്രതികരണം പാടില്ല’; അടൂർ പ്രകാശിനെതിരെ ദീപ്തി മേരി വർഗീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പരസ്യ വിമർശനം കോൺഗ്രസിൽ ചർച്ചയാകുന്നു. അടൂർ പ്രകാശിന്റെ വിമർശനത്തിൽ പ്രതികരണവുമായി ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ രംഗത്തെത്തി. മൂന്ന് മാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണമെന്നായിരുന്നു തന്റെ പ്രതികരണമെന്നും, താൻ പറഞ്ഞതിൽ എല്ലാമുണ്ടെന്നും ഷാനിമോൾ ഉസ്മാൻ
അടൂർ പ്രകാശിന്റെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസും രംഗത്തെത്തി. പാർട്ടിയുടെ മുഖം വികൃതമാക്കുന്ന തരത്തിലുള്ള പ്രതികരണങ്ങൾ ആരും നടത്താൻ പാടില്ലെന്ന് അവർ പറഞ്ഞു. കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യമുണ്ടെന്നും എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ദീപ്തി മേരി വർഗീസ് വ്യക്തമാക്കി. എന്നാൽ അടൂർ പ്രകാശ് ഉന്നയിച്ച വിഷയത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അവർ പറഞ്ഞു.
അതേസമയം, അടൂർ പ്രകാശ് പരാതി ഉന്നയിക്കാനിടയായ സാഹചര്യം എഐസിസി പരിശോധിക്കും. കെപിസിസി ആസ്ഥാനത്ത് അടൂർ പ്രകാശ് വാർത്താസമ്മേളനം നടത്തിയ നടപടി എഐസിസിയെ അമ്പരപ്പിച്ചതായാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലിയെക്കുറിച്ചുള്ള പരാതികൾ നേരത്തെയും എഐസിസിക്ക് ലഭിച്ചിരുന്നതായാണ് സൂചന.
വിഷയത്തിൽ എഐസിസി കേരളത്തിന്റെ ചുമതലയുള്ള ദീപ ദാസ്മുൻഷി അന്വേഷണം നടത്തി നേതൃത്വത്തെ ധരിപ്പിക്കുമെന്നാണ് വിവരം. പാർട്ടി-സർക്കാർ ഏകോപനത്തിലെ പ്രശ്നങ്ങൾ നേരത്തെയും ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.
യുഡിഎഫിലെ പ്രധാന തീരുമാനങ്ങളിൽ മതിയായ കൂടിയാലോചന നടക്കുന്നില്ലെന്നായിരുന്നു അടൂർ പ്രകാശിന്റെ പ്രധാന ആരോപണം. മുന്നണി യോഗങ്ങൾ ചേരാത്തതും നിർണായക തീരുമാനങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നുമുള്ള അതൃപ്തിയും അദ്ദേഹം പരസ്യമാക്കിയിരുന്നു. വിഷയത്തിൽ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും അടൂർ പ്രകാശ് പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്.



