ഗ്യാനേഷ് കുമാർ രാജിവയ്ക്കും വരെ പ്രതിഷേധം; ശിവാജി പാർക്കിൽ നാളെ മുതൽ സമരം ആരംഭിക്കുമെന്ന് സിജെപി

ന്യൂഡൽഹി : മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രക്ഷോഭവുമായി മുന്നോട്ടെന്ന് കോക്രോച്ച് ജനതാപാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത് ദിപ്കെ. ഗാന്ധി ജയന്തി ദിനമായ നാളെ മുംബയിലെ ശിവാജി പാർക്കിൽ സമരം ആരംഭിക്കുമെന്ന് ദിപ്കെ വാർത്താ സമ്മേളനത്തിൽ അറിയിച്ചു, പ്രതിഷേധം ശിവാജി പാർക്കിൽ തന്നെ നടത്തും. അത് നമ്മുടെ അവകാശമാണ്. ആസാദ് മൈതാനത്ത് പ്രതിഷേധം നടത്താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശിവാജി പാർക്കിൽ നാളെ ആരംഭിക്കുന്ന പ്രതിഷേധം രാജ്യമാകെ വ്യാപിപ്പിക്കും. ഗ്യാനേഷ് കുമാർ രാജി വയ്ക്കുമ്പോഴേ പ്രതിഷേധം അവസാനിപ്പിക്കൂ. അദ്ദേഹം രാജി വച്ചേ മതിയാകൂ. അദ്ദേഹം രാജ്യത്തെ വഞ്ചിച്ചു. ഒന്നാമത്തെ ശത്രുവാണ്. അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് പുറത്താക്കുമെന്ന് നമ്മൾ ഉറപ്പുവരുത്തുമെന്ന് സി.ജെ.പിയുടെ മുഖ്യവക്താവ് സൗരവ് ദാസ് പറഞ്ഞു.
ഗ്യാനേഷിനെതിരെ ക്രിമിനൽ കുറ്റം ചുമത്തണമെന്നും എസ്.ഐ.ആർ നടപടികൾ മരവിപ്പിക്കണമെന്നും അഭിജീത് ആവശ്യപ്പെട്ടു. രാജി വച്ചില്ലെങ്കിൽ ഒക്ടോബർ അവസാനത്തോടെ ഡൽഹി ജന്തർ മന്ദറിലെ പ്രതിഷേധത്തിന് പിന്നാലെ ഗോവ, കർണാടക, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.



