കണ്ണൂരിൽ മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം; ഡിവൈഎഫ്‌ഐ പ്രവർത്തകരെന്ന് ആരോപണം

കണ്ണൂർ: മന്ത്രി ഒ ജെ ജനീഷിന്റെ വാഹനത്തിനുനേരെ ഡിവൈഎഫ്‌ഐയുടെ ആക്രമണം. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു. കണ്ണൂർ തളിപ്പറമ്പ് കരിപ്പയിലാണ് ആക്രമണമുണ്ടായത്. രണ്ട് പരിപാടികളിൽ പങ്കെടുക്കാനാണ് മന്ത്രി കണ്ണൂരിൽ എത്തിയത്.
കണ്ണൂർ ഗസ്റ്റ് ഹൗസിൽ നടന്ന പരിപാടിക്കുശേഷം തളിപ്പറമ്പിൽ പുരാവസ്‌തു വകുപ്പുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുത്ത് കാസർകോട്ടേക്ക് മടങ്ങുകയായിരുന്നു മന്ത്രി ജനീഷ്. ഈ സമയത്താണ് ഡിവൈഎഫ്ഐ പ്രവർത്തകർ മന്ത്രിയുടെ കാർ തടഞ്ഞത്. പത്തിലേറെ വരുന്ന പ്രവർത്തകർ വാഹനത്തിനുനേരെ ചാടിവീഴുകയായിരുന്നു. വാഹനത്തിൽ കല്ലുകൊണ്ടും കൈകൊണ്ടും ഇടിച്ചുവെന്ന് വാഹനത്തിലുണ്ടായിരുന്നവർ പറയുന്നു. കാറിന് മുന്നിലെ ഫ്ളാഗ് പോസ്റ്റും ഒടിഞ്ഞു. റെയിൻഗാർഡിനും കേടുപാടുണ്ടായി.
പൊലീസ് എത്തിയാണ് പ്രവർത്തകരെ അവിടെനിന്ന് മാറ്റിയത്. തുടർന്ന് ഇതേ കാറിൽതന്നെ മന്ത്രി കാസർകോട്ടേക്ക് യാത്ര തിരിച്ചു.ഇന്നലെ തിരുവനന്തപുരത്തുനടന്ന സംഘർഷങ്ങൾക്ക് കാരണം മന്ത്രി ഒ ജെ ജനീഷും ഷാഫി പറമ്പിൽ എംപിയുമാണെന്നാണ് ഡിവൈഎഫ്‌ഐ ആരോപിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പാളയം
യൂണിവേഴ്സിറ്റി ഹോസ്റ്റലിന് സമീപത്തുനിന്നാരംഭിച്ച ഏജീസ് ഓഫീസ് മാർച്ചിന്റെ തുടക്കത്തിലുണ്ടായ നേരിയ സംഘർഷമാണ് പിന്നീട് രൂക്ഷമായത്. സംസ്ഥാനത്തെങ്ങും യുഡിഎഫ് മന്ത്രിമാരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിക്കുന്നതിനെ ചൊല്ലിയുണ്ടായ ഏറ്റുമുട്ടൽ പിന്നീട് യൂത്ത് കോൺഗ്രസ്-എസ്എഫ്.ഐ സംഘർഷമായി പരിണമിക്കുകയായിരുന്നു. യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിനുള്ളിൽ കയറി പൊലീസ് ലാത്തിച്ചാർജ്ജ് നടത്തിയതും സ്ഥിതി രൂക്ഷമാക്കി. ലാത്തിച്ചാർജ്ജിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു



