കെഎസ്ആർടിസിക്ക് വീണ്ടും പുതിയ ബസ്: സതേൺ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി 40 ലക്ഷം രൂപ നൽകി

തിരുവനന്തപുരം: അങ്കമാലി മൂക്കന്നൂർ സ്വദേശി ജോസ്, കഴിഞ്ഞ മന്ത്രിസഭ യോഗദിനത്തിൽ കെഎസ്ആർടിസിക്ക് പുതിയ ബസ് വാങ്ങാനായി 40 ലക്ഷം കൈമാറുമ്പോൾ ചെക്ക് ഏറ്റുവാങ്ങിയ മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞത് ‘ജോസേട്ടന്റേത് നല്ല കൈനീട്ടമാകട്ടെ’ എന്നാണ്. ആ വാക്ക് ഫലിച്ചു. ഇന്ന് അടുത്ത മന്ത്രിസഭ യോഗം കഴിഞ്ഞ് മുഖ്യമന്ത്രി ഓഫീസിലെത്തുമ്പോൾ, കെഎസ്ആർടിസിക്ക് പുതിയ ബസ് വാങ്ങി നൽകാനുള്ള 40 ലക്ഷം രൂപയുടെ ചെക്കുമായി തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സതേൺ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികൾ അവിടെയുണ്ടായിരുന്നു.
സൊസൈറ്റി ചെയർമാൻ പോൾസൺ ചിറയത്ത് ഗതാഗത മന്ത്രി സി.പി ജോണിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രിക്ക് തുക കൈമാറി. തുടർന്ന് കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ് പ്രമോജ് ശങ്കർ ചെക്ക് ഏറ്റുവാങ്ങി. തൃശൂർ ഡിപ്പോയിലേക്ക് ബസ് അനുവദിക്കണമെന്നാണ് സൊസൈറ്റിയുടെ ആവശ്യം. ഇക്കാര്യം പരിഗണിക്കാമെന്ന് ഗതാഗത മന്ത്രി ഉറപ്പുനൽകി.
പൊതുഗതാഗത മേഖലയെ ശക്തിപ്പെടുത്തുന്നതിനും ജനങ്ങൾക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഉറപ്പാക്കുന്നതിനുമുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് സിഎസ്ആർ ഫണ്ടിൽ നിന്ന് തുക അനുവദിച്ചതെന്ന് സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ പുരോഗമനപരമായ ആശയങ്ങൾക്കും പൊതുഗതാഗത മേഖലയിലെ വികസന പ്രവർത്തനങ്ങൾക്കും തുടർന്നും പിന്തുണ നൽകുമെന്ന് അവർ വ്യക്തമാക്കി.
ചടങ്ങിൽ യുവജനക്ഷേമ മന്ത്രി ഒ.ജെ ജനീഷ്, തൃശ്ശൂർ എംഎൽഎ രാജൻ ജെ. പല്ലൻ, സൊസൈറ്റി എംഡി കെ. മനോജ്, ഡയറക്ടർമാരായ ഗ്രിഗറിൻ വടക്കൻ, പി. മനോജ് തോമസ്, സെയിൽസ് ഹെഡ് ഷൈജു ജോൺ എന്നിവർ പങ്കെടുത്തു.
കേന്ദ്ര സർക്കാരിന് കീഴിൽ രജിസ്റ്റർ ചെയ്ത മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണിത്. നേരത്തെ കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് അവരുടെ സിഎസ്ആർ ഫണ്ടിൽ നിന്ന് കെഎസ്ആർടിസിക്ക് ഒരു പുതിയ ബസ് വാങ്ങി നൽകിയിരുന്നു.
ഫോട്ടോക്യാപ്ഷൻ: കെഎസ്ആർടിസിക്ക് പുതിയ ബസ് വാങ്ങി നൽകുന്നതിനുള്ള 40 ലക്ഷം രൂപയുടെ ചെക്ക് തൃശൂർ സതേൺ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ പോൾസൺ ചിറയത്ത് മുഖ്യമന്ത്രി വി.ഡി സതീശന് കൈമാറുന്നു. ഗതാഗത മന്ത്രി സി.പി ജോൺ, മന്ത്രി ഒ.ജെ ജനീഷ്, രാജൻ ജെ. പല്ലൻ എംഎൽഎ, സൊസൈറ്റി എംഡി കെ. മനോജ്, ഡയറക്ടർമാരായ ഗ്രിഗറിൻ വടക്കൻ, പി. മനോജ് തോമസ്, സെയിൽസ് ഹെഡ് ഷൈജു ജോൺ എന്നിവർ സമീപം.



