ഐഎഎസ് പദവി രാജിവച്ചു; ഇനി രാഷ്ട്രീയത്തിലേക്ക്, ‘മുന്നിൽ വലിയ ലക്ഷ്യം’ എന്ന് ദിവ്യ

ലക്‌നൗ: സിവിൽ സർവീസിൽ നിന്ന് സ്വയം വിരമിച്ച മുൻ ഉത്തർപ്രദേശ് കേഡർ ഐഎഎസ് ഓഫീസർ ദിവ്യ മിത്തൽ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതായി പ്രഖ്യാപനം. തന്റെ രാഷ്ട്രീയ ജീവിതം ഉത്തർപ്രദേശിൽ നിന്നായിരിക്കും ആരംഭിക്കുകയെന്ന് പറഞ്ഞ ദിവ്യ, ഏതെങ്കിലും പാർട്ടിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ തള്ളി. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് പ്രഖ്യാപനം.
2013 ബാച്ച് ഐഎഎസ് ഓഫീസറായ ദിവ്യ 13 വർഷത്തെ സർവീസിനുശേഷമാണ് സെപ്തംബറിൽ വിരമിച്ചത്. മിർസാപൂർ, ഡിയോറിയ എന്നീ ജില്ലകളിൽ ജില്ലാ മജിസ്‌ട്രേറ്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്. താൻ ജനങ്ങളുടെ ശബ്ദമായിരിക്കുമെന്ന് അറിയിച്ച ദിവ്യ, ഉത്തരവാദിത്തം, നീതി, സാധാരണ പൗരന്മാർ നേരിടുന്ന പ്രശ്നങ്ങൾ എന്നിവയിലൂന്നിയുള്ളതായിരിക്കും തന്റെ രാഷ്ട്രീയ യാത്രയെന്നും വ്യക്തമാക്കി.’
കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഞാൻ ഐഎഎസ് പദവി രാജിവച്ചത് നിങ്ങളുടെ മനസിൽ പല ചോദ്യങ്ങളും ഉയർത്തിയിട്ടുണ്ടാകാം. വലിയ ജോലിഭാരവും ഒപ്പം അതിനുള്ള ധൈര്യം സംഭരിക്കേണ്ടതുമുണ്ടായിരുന്നതിനാലാണ് ഇത്രയും നാൾ മറുപടി നൽകാതിരുന്നത്. എന്നാൽ ഇന്ന് ആ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകാനാണ് ഞാൻ വന്നിരിക്കുന്നത്.
ആദ്യത്തെ ചോദ്യം ഇനി എന്ത് എന്നതാണ്. ഉത്തരം രാഷ്ട്രീയം. നിങ്ങൾ ഇതിനകം എല്ലാം നേടിക്കഴിഞ്ഞു, ഇനി എന്താകാനാണ് ആഗ്രഹമെന്ന് ആളുകൾ ചോദിക്കാറുണ്ട്. എനിക്ക് ശബ്ദമാകണം. തങ്ങളുടെ ശബ്ദം എത്തിക്കാൻ കഴിയാത്തവരുടെയും, എത്തിച്ചാൽ തന്നെ ആരും കേൾക്കാത്തവരുടെയും ശബ്ദമാകണം എനിക്ക്’- ദിവ്യ മിത്തൽ പറഞ്ഞു.



