ആർടിഐ പരിധിയിൽ നിന്ന് ക്രമസമാധാന വകുപ്പ് ഒഴിവാക്കാൻ നീക്കം; സഖ്യകക്ഷികളുടെ എതിർപ്പിനെ തുടർന്ന് തീരുമാനം റദ്ദാക്കി

ചെന്നൈ: വിവരാവകാശ നിയമത്തിന്റെ (ആർ.ടി.ഐ) പരിധിയിൽനിന്ന് ക്രമസമാധാന വകുപ്പിനെ ഒഴിവാക്കാനുള്ള ഉത്തരവ് തമിഴ്നാട് സർക്കാർ പിൻവലിച്ചു. കോൺഗ്രസ്, വിടുതലൈ ചിരുതൈകൾ കക്ഷി (വി.സി.കെ) അടക്കമുള്ള സഖ്യകക്ഷികളുടെയും പ്രതിപക്ഷത്തിന്റെയും ശക്തമായ എതിർപ്പ് ഉയർന്നതിന് പിന്നാലെയാണ് ടിവികെ സർക്കാർ ഉത്തരവ് റദ്ദാക്കിയത്.

സെപ്തംബർ 21ന് ഹ്യൂമൻ റിസോഴ്സ് മാനേജ്‌മെന്റ് വകുപ്പ് പുറപ്പെടുവിച്ച ഉത്തരവാണ് സർക്കാർ ഞായറാഴ്ച പിൻവലിച്ചത്. വിവരാവകാശ നിയമത്തിലെ 24(4) വകുപ്പ് ചൂണ്ടിക്കാട്ടി ക്രമസമാധാന വകുപ്പിനെ ‘ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി ഓർഗനൈസേഷൻ’ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതായിരുന്നു ഉത്തരവ്. ഇതോടെ വകുപ്പിന്റെ കൈവശമുള്ള വിവരങ്ങൾക്ക് ആർ.ടി.ഐ നിയമത്തിന്റെ പരിരക്ഷ ലഭിക്കാത്ത സാഹചര്യമുണ്ടാകുമായിരുന്നു.

ഉത്തരവ് പ്രാബല്യത്തിൽ തുടർന്നിരുന്നെങ്കിൽ രാഷ്ട്രീയ പ്രതിഷേധങ്ങൾ, കസ്റ്റഡി മരണങ്ങൾ, പൊലീസ് നടപടികൾ തുടങ്ങിയ നിയമപാലനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ഔദ്യോഗിക വിവരങ്ങൾ ആർ.ടി.ഐ വഴി ലഭ്യമാക്കുന്നത് ബുദ്ധിമുട്ടാകുമായിരുന്നു. ഉത്തരവിനെതിരെ ഭരണസഖ്യത്തിലെ ഘടകകക്ഷികളിൽനിന്ന് തന്നെ കടുത്ത എതിർപ്പുയർന്നു.വിജയ് നയിക്കുന്ന സർക്കാരിനെതിരെ ഡി.എം.കെ എം.പി കനിമൊഴിയും രംഗത്തെത്തി.

പൊലീസ് നടപടികളിലുണ്ടാകുന്ന വീഴ്ചകൾ മറച്ചുവയ്ക്കാനുള്ള ശ്രമമാണ് ആർ.ടി.ഐ നിയന്ത്രിക്കാനുള്ള നീക്കമെന്നായിരുന്നു കനിമൊഴിയുടെ ആരോപണം. , തമിഴ്‌നാട്ടിൽ നടക്കുന്ന കൊലപാതകങ്ങളുടെ എണ്ണം ഉയർന്നിട്ടും നിയമപാലനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങൾക്ക് ലഭിക്കാതിരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അവർ വിമർശിച്ചു. ഭരണകക്ഷിക്കുള്ളിലും പുറത്തും ശക്തമായ പ്രതിഷേധം ഉയർന്നതോടെ മണിക്കൂറുകൾക്കകം സർക്കാർ നിലപാട് മാറ്റുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button