പാർട്ടിക്കെതിരെ തുടർച്ചയായ വിമർശനം; ജി. സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം

ആലപ്പുഴ: പാര്‍ട്ടിക്കെതിരെ നിരന്തര വിമര്‍ശനം ഉന്നയിക്കുന്ന ജി സുധാകരനെ നിയമക്കുരുക്കില്‍ പൂട്ടാന്‍ സിപിഎം. സുധാകരന്റെ പ്രസ്താവനകള്‍ക്കെതിരെ തുടര്‍ച്ചയായി മാനനഷ്ടകേസ് ഫയല്‍ ചെയ്താണ് ജില്ലയിലെ സിപിഎമ്മില്‍ സജി ചെറിയാനൊപ്പം നില്ക്കുന്ന യുവനേതാക്കളുടെ നീക്കം.
ലഹരിക്കേസില്‍ ആരോപണ വിധേയനായ ആലപ്പുഴ നഗരസഭ കൗണ്‍സിലര്‍ ഷാനവാസാണ് ഏറ്റവും ഒടുവില്‍ സുധാകരനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടകേസ് ഫയല്‍ ചെയ്തത്. സിപിഎമ്മിനോട് തെറ്റിപ്പിരിഞ്ഞ ജി സുധാകരൻ സിപിഎം നേതാക്കൾക്കെതിരെ നിരന്തരം വിമർശനം ഉന്നയിച്ചിരുന്നു. അടുത്തിടെ സിപിഎം നേതാക്കളുടെ ഭാര്യമാർക്കും ജോലി നൽകി എന്ന് വെളിപ്പെടുത്തി വീണ്ടും വിവാദത്തിൽ പെട്ടിരുന്നു.
സിപിഎം നേതാക്കളായ എച്ച്. സലാമിന്റെയും പി.പി. ചിത്തരഞ്ജന്റെയും ഭാര്യമാർക്ക് സഹകരണ വകുപ്പിന് കീഴിൽ ജോലി നൽകിയിട്ടുണ്ടെന്നാണ് സുധാകരൻ പറഞ്ഞത്. എന്നാൽ തന്റെ കുടുംബത്തിലെ ആർക്കും ജോലി നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യമൊന്നും മാധ്യമങ്ങൾ കാണില്ലെന്നും സുധാകരൻ വിമർശിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായി ബന്ധപ്പെട്ട കേസിലെ സംഭവങ്ങളിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പേരും ഉയർന്നുവന്നതായി സുധാകരൻ ചൂണ്ടിക്കാട്ടി. കക്ഷിവ്യത്യാസമില്ലാതെ പണം വാങ്ങിയെന്ന തരത്തിലാണ് ഇ.ഡിയുടെ റിപ്പോർട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇവരാരെങ്കിലും പണം വാങ്ങിയോ എന്ന് തനിക്ക് അറിയില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു.



