‘ഇതൊരു രാഷ്ട്രീയ പുസ്തകമല്ല’; ആത്മകഥ എഴുതിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സോണിയ ഗാന്ധി!

ന്യൂഡൽഹി: തന്റെ വരാനിരിക്കുന്ന ആത്മകഥ രാഷ്ട്രീയ പുസ്തകമല്ലെന്നും വ്യക്തിജീവിതവുമായി ബന്ധപ്പെട്ട തുറന്നുപറച്ചിലാണെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി. കുടുംബത്തെക്കുറിച്ച് ഇതുവരെ പുറത്തുവന്ന പല വിവരണങ്ങളിലും അവരുടെ യഥാർത്ഥ വ്യക്തിത്വവും ജീവിതാനുഭവങ്ങളും വേണ്ടത്ര പ്രതിഫലിച്ചിട്ടില്ലെന്നും താൻ സ്‌നേഹിച്ചും അടുത്തറിഞ്ഞും ജീവിച്ച മനുഷ്യരെന്ന നിലയിൽ അവരെ സത്യസന്ധമായി അവതരിപ്പിക്കാനാണ് ശ്രമിച്ചതെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.

ബിലോംഗിംഗ്: എ ജേർണി ഒഫ് ലവ്’ എന്ന പേരിലുള്ള പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിന് മുന്നോടിയായി ‘ഒരു ദേശീയ ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് സോണിയ ഇക്കാര്യം വ്യക്തമാക്കിയത്. താൻ വീടെന്ന് വിളിക്കാൻ പഠിച്ച രാജ്യത്തെയും അവിടേക്കുള്ള തന്റെ ജീവിതയാത്രയെയും കുറിച്ചുള്ള ഓർമ്മകളാണ് പുസ്തകത്തിന്റെ ഉള്ളടക്കമെന്നും അവർ പറഞ്ഞു.ജീവിതത്തിന്റെ ഭൂരിഭാഗം കാലവും തന്റെ സ്വകാര്യ ജീവിതം മറ്റുള്ളവരിൽനിന്ന് അകറ്റിനിറുത്തിയിരുന്നുവെന്ന് സോണിയ പറഞ്ഞു.

ദുഃഖകരമായ സംഭവങ്ങളെത്തുടർന്ന് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നപ്പോഴും സ്വകാര്യത പരമാവധി കാത്തുസൂക്ഷിക്കാൻ ശ്രമിച്ചു. സ്വന്തം ജീവിതത്തെക്കുറിച്ച് തുറന്നെഴുതുക ഒരിക്കലും ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു. എന്നാൽ പൊതുജീവിതത്തിലെ തിരക്കുകളിൽനിന്ന് അൽപ്പം മാറിനിന്നപ്പോഴാണ് സ്വന്തം ജീവിതയാത്രയെ വ്യക്തമായി വിലയിരുത്താൻ കഴിഞ്ഞതെന്നും സോണിയ കുറിച്ചു.

പിന്നോട്ടുനോക്കുമ്പോൾ ജീവിതത്തിലുടനീളം തന്നെ നയിച്ച ഒരേയൊരു വികാരം സ്‌നേഹവും അതിൽനിന്ന് വളർന്നുവന്ന വിശ്വസ്തതയുമാണെന്ന് സോണിയ പറഞ്ഞു. ഇംഗ്ലണ്ടിൽവച്ച് ഇറ്റലിയിലെ ഒരു ചെറിയ പട്ടണത്തിൽനിന്നുള്ള 19കാരിയായ യുവതി ഇന്ത്യൻ വിദ്യാർത്ഥിയായിരുന്ന രാജീവ് ഗാന്ധിയെ കണ്ടുമുട്ടിയതോടെയാണ് ആ യാത്ര ആരംഭിച്ചത്. പിന്നീട് അത് പുതിയൊരു രാജ്യത്തിലേക്കും കുടുംബത്തിലേക്കും തന്നെ എത്തിച്ചു. ഭർതൃമാതാവായ ഇന്ദിരാഗാന്ധിയുമായുള്ള ആഴത്തിലുള്ള ബന്ധവും മക്കളെ വളർത്തിയ വർഷങ്ങളുമെല്ലാം ആ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നും അവർ ഓർത്തെടുത്തു.

എന്നാൽ ജീവിതത്തിൽ താങ്ങാനാവാത്ത വേദനകളും നേരിടേണ്ടിവന്നു. ആദ്യം ഭർതൃമാതാവിനെയും പിന്നീട് ഭർത്താവിനെയും അക്രമത്തിൽ നഷ്ടപ്പെട്ടതിന്റെ ആഘാതം അതിജീവിക്കേണ്ടിവന്നു. അത്തരം പ്രതിസന്ധികളിൽ തനിക്ക് കരുത്തായത് ഭർത്താവിനോടുള്ള സ്‌നേഹവും ഇന്ത്യയോടുള്ള ആത്മബന്ധവുമായിരുന്നു. താൻ യഥാർത്ഥത്തിൽ സ്വന്തം വീടായി കരുതിയ രാജ്യമാണ് ഇന്ത്യയെന്നും സോണിയ വ്യക്തമാക്കി.സ്വന്തം താത്പര്യങ്ങൾക്ക് വിരുദ്ധമായിരുന്നിട്ടും ഉത്തരവാദിത്വബോധമാണ് തന്നെ പൊതുപ്രവർത്തനത്തിലേക്ക് നയിച്ചത്.

തന്റെ കുടുംബത്തെക്കുറിച്ച് നിരവധി കാര്യങ്ങൾ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും അവരുടെ പ്രേരണകളും പോരാട്ടങ്ങളും മനുഷ്യസഹജമായ ദൗർബല്യങ്ങളും വേണ്ടത്ര മനസിലാക്കിക്കൊണ്ടുള്ള വിവരണങ്ങൾ കുറവാണെന്നും സോണിയ ചൂണ്ടിക്കാട്ടി.അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യയിൽ ജീവിക്കുന്നതിനിടെ രാജ്യത്തുണ്ടായ വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കാനും കഴിഞ്ഞു. ആദ്യകാലത്ത് പുറത്തുനിന്നുള്ള നിരീക്ഷകയായും പിന്നീട് രാജ്യത്തിന്റെ രാഷ്ട്രീയ കേന്ദ്രത്തിന്റെ ഭാഗമായും ആ മാറ്റങ്ങൾ കണ്ടു.

ആ ജീവിതയാത്രയുടെയും താൻ സ്വന്തം വീടായി സ്വീകരിച്ച ഇന്ത്യയുടെയും അനുഭവങ്ങളാണ് പുസ്തകത്തിലുള്ളതെന്നും , സോണിയ വ്യക്തമാക്കി.സഞ്ജയ് ഗാന്ധിയുടെ വിമാനാപകടത്തിലെ മരണം, 1984ലെ ഇന്ദിരാഗാന്ധിയുടെ വധം, 1991ലെ രാജീവ് ഗാന്ധി വധം എന്നിവയെക്കുറിച്ചുള്ള ഓർമ്മകളും സോണിയയുടെ ആത്മകഥയിലുണ്ട്.

2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണി അധികാരത്തിലെത്തിയതും പ്രധാനമന്ത്രിപദം ഏറ്റെടുക്കാനുള്ള അവസരം സോണിയ ഗാന്ധി നിരസിച്ചതും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. പകരം കോൺഗ്രസിനെയും സഖ്യകക്ഷികളെയും നയിക്കാനാണ് അവർ തീരുമാനിച്ചത്. തുടർന്നുള്ള പത്തുവർഷം കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യസർക്കാരാണ് രാജ്യം ഭരിച്ചത്. ഈ രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചുള്ള അനുഭവങ്ങളും ഓർമ്മക്കുറിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button