മെസിയുടെ പേരിലെ തട്ടിപ്പ്; എസ്‌ഐടി അന്വേഷണം ശക്തമാകുന്നതിനിടെ മുൻകൂർ ജാമ്യാപേക്ഷയുമായി ആന്റോ അഗസ്റ്റിൻ

കൊച്ചി: മെസിയെയും അർജൻ്റീന ടീമിനെയും കേരളത്തിൽ കൊണ്ടുവരുമെന്ന് പറഞ്ഞുള്ള തട്ടിപ്പിൽ എസ്ഐടി അന്വേഷണം നടക്കുന്നതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്‍റോ അഗസ്റ്റിന്‍. എറണാകുളം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.

സ്ഥാപനത്തിലെയും വീട്ടിലേയും റെയ്‍ഡിന് പിന്നാലെ അറസ്റ്റടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുമെന്ന് കണ്ടാണ് ആന്‍റോയുടെ നീക്കം. മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ കളമശ്ശേരി പൊലീസെടുത്ത കേസിലും ആന്‍റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അപേക്ഷ ശനിയാഴ്ച കോടതി പരിഗണിക്കും.

എസ്ഐടി അന്വേഷണം അതിവേഗം പുരോഗമിക്കുന്നതിനിടെ ആണ് ആൻ്റോ അഗസ്റ്റിൻ്റെ നീക്കം. നേരത്തെ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഓഫീസിലടക്കം എസ്ഐടി റെയ്ഡ് നടത്തിയിരുന്നു. വയനാട്ടിലെ അബ്കാരി കേസിൽ എക്സൈസ് അറസ്റ്റ് ചെയ്ത ആൻ്റോ അഗസ്റ്റിൻ നിലവിൽ ജാമ്യത്തിൽ പുറത്താണ്. മെസിയുടെ പേരിലുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്ഐടി അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് മുൻകൂട്ടി കണ്ടാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.

തട്ടിപ്പുമായി തനിക്ക് ബന്ധമില്ല, താൻ നിരപരാധിയാണ്, തനിക്കെതിരെ നടക്കുന്നത് പകപോക്കലാണ് എന്നീ വാദങ്ങളാണ് ആൻ്റോ ജാമ്യാപേക്ഷയിൽ ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വി ഡി സതീശനെ അധിക്ഷേപിച്ചെന്ന കോൺഗ്രസ് വക്താവ് രാജു പി നായരുടെ പരാതിയിലാണ് ആൻ്റോ അഗസ്റ്റിനെതിരെ കളമശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button