‘ഫോണിന്റെ പാസ്വേഡ് വരെ അറിയാം’; ഞാനില്ലെങ്കിൽ അവളും ഉണ്ടാകില്ലെന്ന് തുറന്നുപറഞ്ഞ് താരം

‘വെറുതെ അല്ല ഭാര്യ’ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ രണ്ടുപേരാണ് നടി മഞ്ജു പത്രോസും സിമി സാബുവും. റിയാലിറ്റി ഷോയ്ക്കപ്പുറം വളർന്ന സൗഹൃദമാണ് ഇവരുടേതും. ജീവിതത്തിലെ സന്തോഷങ്ങളിലും പ്രതിസന്ധികളിലും ഒരുമിച്ചുനിൽക്കുന്ന ഇവർക്ക് ‘ബ്ലാക്കീസ്’ എന്ന പേരിൽ യൂട്യൂബ് ചാനലുമുണ്ട്. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് മഞ്ജു പത്രോസും സിമി സാബുവും നൽകിയ അഭിമുഖമാണ് ശ്രദ്ധനേടുന്നത്.
പരസ്പരമുള്ള സ്നേഹം വാക്കുകളിലൂടെ പ്രകടിപ്പിക്കുന്ന സ്വഭാവം ഞങ്ങൾക്കില്ല. എന്നാൽ, അത്രയും സ്നേഹമുണ്ടെന്ന് രണ്ടുപേർക്കും വ്യക്തമായി അറിയാം. ഫോണിന്റെ പാസ്വേർഡ് വരെ പങ്കുവയ്ക്കാറുണ്ട്. മഞ്ജു ഇല്ലാത്തൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ പോലുമാകില്ല. ഞാനാണ് ആദ്യം മരിക്കുന്നതെങ്കിൽ അതിനുശേഷം മഞ്ജുവിന് പരമാവധി പത്ത് മിനിട്ട് മാത്രമേ ഭൂമിയിൽ ആയുസുണ്ടാകൂ.
ഏതെങ്കിലും പാണ്ടിലോറി ഇടിപ്പിച്ചിട്ടാണെങ്കിലും അവളെയും ഞാൻ കൂടെക്കൂട്ടും. വെറുതെയല്ല ഭാര്യയുടെ ഓഡിഷനിൽ വച്ചാണ് ആദ്യമായി ഞങ്ങൾ കാണുന്നത്. അന്ന് തോന്നിയ സ്പാർക്ക് ഇപ്പോഴും അതേപടിയുണ്ട്’ – സിമി പറഞ്ഞു.’ബിഗ് ബോസിൽ നിന്ന് കിട്ടിയ പണംകൊണ്ടാണ് വീടിനുള്ള സ്ഥലം വാങ്ങിയത്. ആ പണം വീട് വയ്ക്കാൻ തികയില്ലായിരുന്നു. ബിഗ് ബോസ് കഴിഞ്ഞപ്പോൾ ഞാൻ കൂടുതൽ സ്ട്രോംഗ് ആയി. അതിനുശേഷമാണ് ബാഡ് കമന്റുകൾ ഞാൻ ശ്രദ്ധിക്കാതായത്.
ഇപ്പോൾ അതൊന്നും എന്നെ ബാധിക്കുന്നതല്ല. തീരെ സഹിക്കാത്ത കമന്റിട്ടപ്പോഴാണ് ഒരാൾക്കെതിരെ കേസ് കൊടുത്തത്. മോശമായി ജീവിക്കുന്ന ഒരാളല്ല ഞാൻ. കഷ്ടപ്പെട്ട് ജോലി ചെയ്താണ് ജീവിക്കുന്നത്. അഭിമാനബോധത്തെ ചോദ്യംചെയ്യാൻ ആരുടെയും അടിമയല്ലല്ലോ ഞാൻ. എന്നെ ആരും പുകഴ്ത്തണമെന്നും ഞാൻ പറയില്ല’ – മഞ്ജു പത്രോസ് പറഞ്ഞു.



