അനന്ത് അംബാനി വാക്കുപാലിച്ചു; ഒടുവിൽ ‘മാധുരി’ തിരിച്ചെത്തി, ആഹ്ലാദക്കണ്ണീരോടെ വരവേറ്റ് നാട്

മുംബയ്: സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു ആനയാണ് മഹാദേവി എന്ന മാധുരി. 409 ദിവസങ്ങൾക്ക് ശേഷം ഗുജറാത്തിലെ ജാംനഗറിലുള്ള വന്താര പുനരധിവാസ കേന്ദ്രത്തിൽ നിന്ന് മഹാരാഷ്ട്രയിലെ കൊൽഹാപൂരിലെ ഷിരോൾ താലൂക്കിലെ നന്ദനി ഗ്രാമത്തിൽ വീണ്ടും മാധുരിയെ കൊണ്ടുവന്നതിന്റെ വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരുനാട് ഒന്നാകെ ആഹ്ലാദക്കണ്ണീരോടെയാണ് ഈ ആനയെ വരവേറ്റത്. സ്വസ്തിശ്രീ ഭട്ടാരക് പട്ടാചാര്യ മഹാസ്വാമി സംസ്ഥാൻ മഠത്തിലേക്കാണ് ആനയെ തിരിച്ചെത്തിച്ചത്.

1992 മുതൽ മഠത്തിന്റെ ഭാഗമായ മാധുരി മൂന്ന് പതിറ്റാണ്ടിലേറെയായി മഠത്തിലെ ആചാരങ്ങളുടെയും ഭക്തരുടെയും ജീവിതത്തിന്റെ ഭാഗമായിരുന്നു. എന്നാൽ 2023ൽ മൃഗക്ഷേമ സംഘടനയായ ‘പെറ്റ’ (PETA) മാധുരിക്ക് വേണ്ടത്ര പരിചരണം ലഭിക്കുന്നില്ലെന്നും രോഗബാധിതയാണെന്നും ആരോപിച്ച് പരാതി നൽകി. കോടതി നിയോഗിച്ച സമിതി നടത്തിയ പരിശോധനയിൽ ആനയ്ക്ക് സന്ധിവാതവും മാനസിക സമ്മർദവുമുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു.

തുടർന്ന് 2025 ജൂലായ് 28ന് മാധുരിയെ വന്താരയിലേക്ക് മാറ്റി. ഈ തീരുമാനം മഹാരാഷ്ട്രയിലെ ജൈന സമുദായത്തെയും പ്രദേശവാസികളെയും ദുഃഖത്തിലാഴ്ത്തിയിരുന്നു. പിന്നാലെ വലിയ ജനകീയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. തുടർന്ന് ‘ഒരു വർഷത്തിനുള്ളിൽ മാധുരി പൂർണ ആരോഗ്യവതിയായി തിരിച്ചെത്തും’ എന്ന അനന്ത് അംബാനിയുടെ വാഗ്ദാനമാണ് ഇപ്പോൾ നിറവേറ്റപ്പെട്ടിരിക്കുന്നത്. നിലവിൽ ആന പൂർണ ആരോഗ്യവതിയാണെന്ന് അധികൃതർ അറിയിച്ചു.

അന്താരാഷ്ട്ര നിലവാരത്തിൽ മഠം വളപ്പിൽ സജ്ജമാക്കിയ ‘മാധുരി റസിഡൻസ്’ എന്ന പുതിയ ആധുനിക കേന്ദ്രവും ആരോഗ്യ നിരീക്ഷണ സംവിദാനങ്ങലും എച്ച്പിസി നേരിട്ട് പരിശോധിച്ച് തൃപ്തി രേഖപ്പെടുത്തിയ ശേഷമാണ് 2026 സെപ്തംബർ ഒമ്പതിന് മാധുരിയെ തിരികെ കൊണ്ടുവരാൻ അനുമതി നൽകിയത്. മാധുരിയുടെ തിരിച്ചുവരവ് നന്ദനി ഗ്രാമം ഉത്സവം പോലെയാണ് ആഘോഷിച്ചത്. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button