“പിണറായിക്കെതിരായ ഇ.ഡി നീക്കം കോൺഗ്രസ്–ബിജെപി ഡീൽ”; രൂക്ഷ വിമർശനവുമായി എം.വി. ജയരാജൻ

പിണറായി വിജയനെതിരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം കോൺഗ്രസ്-ബി.ജെ.പി ഡീലിന്റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ ആരോപിച്ചു. പിണറായി വിജയനെയും മറ്റ് നേതാക്കളെയും വേട്ടയാടാനോ തടവിലാക്കാനോ ശ്രമിച്ചാൽ ശക്തമായ ജനകീയ പ്രതിഷേധം തീർക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീണ വിജയന്റെ കമ്പനി സി.എം.ആർ.എൽ സ്ഥാപനത്തിന് സേവനം നൽകിയ വകയിൽ അർഹമായ വേതനം മാത്രമാണ് കൈപ്പറ്റിയതെന്നും ബാങ്ക് വഴി ലഭിച്ച ഈ തുകയ്ക്ക് നികുതികളെല്ലാം കൃത്യമായി ഒടുക്കിയിട്ടുണ്ടെന്നും എം.വി. ജയരാജൻ വ്യക്തമാക്കി. എന്നാൽ ഇത് കള്ളപ്പണമാണെന്ന് തെറ്റായി പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇ.ഡി. ശ്രമിക്കുന്നത്. വിജിലൻസിനോടും പോലീസിനോടും നടപടിയെടുക്കാൻ ആവശ്യപ്പെട്ട് കത്തയച്ചതിലൂടെ തങ്ങളുടെ പക്കൽ മതിയായ തെളിവുകളില്ലെന്ന് ഇ.ഡി. കുറ്റസമ്മതം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണ റിപ്പോർട്ട് ബന്ധപ്പെട്ട ഏജൻസികൾക്ക് നൽകുന്നതിന് മുൻപ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് ഇ.ഡി.യുടെ രാഷ്ട്രീയ വേട്ടയാടലിന് തെളിവാണെന്നും ജയരാജൻ കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാർ ഇ.ഡി.യെയും സി.ബി.ഐ.യെയും രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനുള്ള ആയുധമായി ഉപയോഗിക്കുകയാണെന്നും, ഈ വിഷയത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



