‘എൻ.പി 51’ സെറ്റിൽ രുക്മിണി വസന്ത്; മൈസൂർ പാക്കിന്റെ മധുരവുമായി പുതിയ വിശേഷം

പാൻ ഇന്ത്യൻ സെൻസേഷനും മികച്ച അഭിനേത്രിയുമായ രുക്മിണി വസന്ത് നിവിൻ പോളി ചിത്രമായ ‘NP 51’ സെറ്റിലെത്തി. ചിത്രത്തിന്റെ ഭാഗമായ ബെത്‌ലഹേം കുടുംബയൂണിറ്റിന്റെ വിജയാഘോഷത്തിന്റെ ഭാഗമായാണ് താരം സെറ്റിലെത്തിയത്. ബെത്‌ലഹേമിലൂടെ ഹിറ്റായ ഗ്ലിക്സൻ ആഷ്‌ലിക്ക് കൊടുത്ത മൈസൂർ പാക്കിനെ അനുസ്മരിച്ചു കൊണ്ട് നിവിൻ പോളി രുക്മിണി വസന്തിന് മൈസൂർ പാക്ക് സമ്മാനിക്കുകയും, സെറ്റിലുള്ള എല്ലാവർക്കും ഓരോ ബോക്സ് വീതം വിതരണം ചെയ്യുകയും ചെയ്തു.

കന്നഡയിൽ ‘കാന്താര ചാപ്റ്റർ 1’ ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെയും മറ്റ് സൗത്ത് ഇന്ത്യൻ പ്രോജക്റ്റുകളിലൂടെയും അഭിനയമികവ് തെളിയിച്ച താരം, ‘NP 51’ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഔദ്യോഗികമായി ചുവടുവെച്ചിരിക്കുകയാണ്. നിലവിൽ സിനിമയുടെ പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകർക്കിടയിൽ വലിയ ഹൈപ്പാണുള്ളത്. മലയാളത്തിന്റെ പ്രിയ താരം നിവിൻ പോളിക്കൊപ്പം പാൻ ഇന്ത്യൻ താരം കൂടി എത്തുമ്പോൾ പ്രേക്ഷകർക്ക് തികച്ചും പുതുമയുള്ള ഒരു ദൃശ്യവിരുന്ന് തന്നെ പ്രതീക്ഷിക്കാം.

‘ജയ ജയ ജയ ജയ ഹേ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ സഹരചയിതാവായിരുന്ന നാഷിദ് ഫമിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, പോളി ജൂനിയർ പിക്ചേഴ്സ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറുകളിൽ മാർട്ടിൻ പ്രക്കാട്ട്, നിവിൻ പോളി, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിവിന്റെ കരിയറിലെ 51-ാമത്തെ ചിത്രമായ ഇത് ഒരു മികച്ച റോമാന്റിക് കോമഡി എന്റർടൈനർ ആയിരിക്കുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.

ചിത്രത്തിൽ നിവിൻ പോളിക്കും രുക്മിണി വസന്തിനും പുറമെ അജു വർഗീസ്, ജഗദീഷ്, കലാരഞ്ജിനി, അശോകൻ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ബബ്ലു അജു ഛായാഗ്രഹണവും കണ്ണൻ മോഹൻ ചിത്രസംയോജനവും നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഇലക്ട്രോണിക് കിളിയാണ്. ഗ്രീൻ റൂം റിലീസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button