വി.ഡി. സതീശനെയും എന്നെയും ഒളിക്യാമറയിൽ കുടുക്കാൻ നീക്കം! മെറ്റാ ഗ്ലാസ് ധരിച്ചാണ് വ്യവസായി എത്തിയത്; ഞെട്ടിക്കുന്ന ആരോപണവുമായി ഡി.കെ. ശിവകുമാർ!

ബംഗളുരു: തന്നെയും കേരളത്തിന്റെ മുഖ്യമന്ത്രി വി.ഡി. സതീശനെയും ഒളിക്യാമറ ഓപ്പറേഷനിൽ കുടുക്കാൻ ശ്രമം നടന്നെന്ന് വെളിപ്പെടുത്തി കർണാടക മുഖ്യമന്ത്രി ഡ‌ി.കെ.ശിവകുമാർ. ഒരു വ്യവസായിയാണ് തങ്ങളെ കുടുക്കാൻ ശ്രമിച്ചതെന്നും മെറ്റ ഗ്ലാസ് ധരിച്ച് അയാൾ എത്തിയതാണ് സംശയം തോന്നാൻ കാരണമെന്നും ശിവകുമാർ പറഞ്ഞു. സ്വകാര്യ കന്നഡ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ബി.ജെ.പി,​ എൻ.ഡി.എ മുഖ്യമന്ത്രിമാരെ സ്റ്റിംഗ് ഓപ്പറേഷനിൽ ലക്ഷ്യമിട്ടില്ലെന്നും കോൺഗ്രസ് നേതാക്കൾ മാത്രമാണ് ഉന്നമെന്നും ഡി.കെ. ആരോപിച്ചു.

ഉദ്യോഗസ്ഥർ മുഖേന അനുമതി വാങ്ങി എത്തിയ വ്യവസായി ആദ്യം ബിസിനസ് കാര്യങ്ങളാണ് സംസാരിച്ചത്. പിന്നീട് സംഭാഷണം രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞു. വ്യവസായിയുടെ സംസാരത്തിലെ മാറ്റവും ധരിച്ചിരുന്ന സ്മാർട്ട് ഗ്ലാസുകളും തനിക്ക് സംശയമുണ്ടാക്കിയെന്ന് ശിവകുമാർ വ്യക്തമാക്കി. വ്യവസായിയെ കുറിച്ച് അന്വേഷിച്ചപ്പോൾ ലഭിച്ച വിവരമനുസരിച്ച് അയാൾ കേരള മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ടപ്പോഴും മെറ്റാ ഗ്ലാസ് ധരിച്ചിരുന്നെന്ന് കണ്ടെത്തി.

എന്നാൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,​ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ,​ ഒരു കേന്ദ്രമന്ത്രി എന്നിവരെ കണ്ടപ്പോൾ ഇയാൾ മെറ്റാ ഗ്ലാസ് ധരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വ്യവസായിയുടെ പേരോ തെളിവുകളോ ശിവകുമാർ പുറത്തുവിട്ടിട്ടില്ല.

ഒക്‌ടോബർ എട്ടിന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ സ്റ്റിംഗ് ഓപ്പറേഷനിലൂടെ മന്ത്രിമാരെ കുടുക്കാൻ ശ്രമം നടക്കുന്നതായി ശിവകുമാർ മുന്നറിയിപ്പ് നൽകിയിരുന്നു. പത്ത് മന്ത്രിമാരെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും ലക്ഷ്യമിട്ട് സ്റ്റിംഗ് ഓപ്പറേഷന് ഒരു സ്വകാര്യ ഏജൻസിക്ക് കേന്ദ്രമന്ത്രിയും കർണാടകയിലെ ബി.ജെ.പി നേതാവും പണം നൽകിയെന്ന് കോൺഗ്രസ് എം.എൽ.എ രവികുമാർ ഗണിഗയും ആരോപിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button