പിഎം ശ്രീയിൽ സതീശന്റെ നിലപാടിന് എഐസിസിയുടെ പിന്തുണയുണ്ടാകുമോ? ഇന്ന് രാഹുലുമായി കൂടിക്കാഴ്ച

ദില്ലി: പിഎം ശ്രീ പദ്ധതി എഐസിസി നിലപാട് കടുപ്പിച്ച് തന്നെയെന്ന് സൂചന. കേരളത്തിൽ പിഎം ശ്രീ നടപ്പാക്കുന്നത് സംബന്ധിച്ച മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദങ്ങൾ എഐസിസി അംഗീകരിക്കാനിടയില്ല. സംഘപരിവാർ അജണ്ടയെന്ന നിലപാടിൽ തന്നെയായിരിക്കും നേതൃത്വം.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കഴിഞ്ഞ ദിവസവും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാൽ രാഹുൽ ഗാന്ധി- സതീശൻ കൂടിക്കാഴ്ചയിൽ ഇക്കാര്യം ഉന്നയിക്കപ്പെടുമോയെന്നതിൽ വ്യക്തതയില്ല. പിഎം ശ്രീ നടപ്പാക്കണമെന്നാണ് വി.ഡി. സതീശന്റെ നിലപാട്. കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.
കേന്ദ്രത്തിൽ നിന്ന് ഫണ്ട് ഉറപ്പാക്കണമെങ്കിൽ പിഎം ശ്രീ ഒപ്പിടണമെന്ന് അദ്ദേഹം പറയുന്നു. പിഎം ശ്രീ ഒപ്പിടുന്നതിൽ വ്യക്തത തേടി കേന്ദ്രവും കത്തയച്ചിരുന്നു. എന്നാൽ, ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ പിഎം ശ്രീ ഒപ്പിടുന്നതിനെ എതിർത്തിരുന്നു. പ്രതിപക്ഷത്തായിരുന്നപ്പോൾ ശക്തമായി എതിർത്ത പദ്ധതി, ഭരണത്തിലേറിയപ്പോൾ നടപ്പാക്കുന്നത് ശരിയല്ലെന്നും പിഎം ശ്രീ വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുകയറാനുള്ള ആർഎസ്എസ് അജണ്ടയാണെന്നും പറയുന്നു. എന്നാൽ, കോണ്ഡഗ്രസ് ഭരിക്കുന്ന കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പിഎം ശ്രീ നടപ്പാക്കിയിരുന്നു.



