രാജിവയ്ക്കില്ലെന്ന് കെ. ജയകുമാർ; സർക്കാരുമായി അഭിപ്രായവ്യത്യാസമില്ലെന്നും വ്യക്തമാക്കി

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്ന വാർത്തകൾ തള്ളി കെ ജയകുമാർ. കാലാവധി പൂർത്തിയാക്കിയിട്ടേ സ്ഥാനം ഒഴിയുകയുള്ളൂവെന്ന് കെ ജയകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. 2027 നവംബർ വരെ സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിയും ഞങ്ങളുമായി ഒരു പ്രശ്നവുമില്ല. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് പറഞ്ഞുതീർക്കും. അല്ലാതെ രാജിവയ്ക്കേണ്ട ആവശ്യമില്ല. ഇപ്പോൾ ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ തിരക്കിലാണ്. മന്ത്രിയുടെ ഓഫീസ് ഞങ്ങളുടെ പ്രവർത്തനങ്ങളിൽ ഇടപെട്ടിട്ടില്ല.പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. വേറെ പ്രശ്നങ്ങളൊന്നും ഇപ്പോൾ ഇല്ല. കാര്യങ്ങൾ ഭംഗിയായി പോകുന്നുണ്ട്. ശബരിമല തീർത്ഥാടനം തുടങ്ങാൻ പോകുകയാണ്. അതിന് ഒരുപാട് ക്രമീകരണങ്ങൾ ചെയ്യാനുണ്ട്.
മന്ത്രിക്ക് ഗാർഡിനെ ചോദിച്ചാൽ കൊടുക്കാം. അതിൽ തെറ്റില്ല. എനിക്ക് അവിടെ ഒരു ഗാർഡ് ഉണ്ട്. അവിടെ പോകുമ്പോൾ ഗാർഡ് ഒപ്പം വരാറുണ്ട്. ഞാൻ രാജിസന്നദ്ധ അറിയിച്ചുവെന്ന തരത്തിൽ വാർത്തകൾ വരുന്നുണ്ട്. അത് തെറ്റാണ്. സർക്കാരുമായി ഒരു അഭിപ്രായവ്യത്യാസവും എനിക്കില്ല’- കെ ജയകുമാർ പറഞ്ഞു.
ദേവസ്വം മന്ത്രി കെ മുരളീധരന്റെ തുടർച്ചയായ വിമർശനത്തിന് പിന്നാലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ രാജിസന്നദ്ധത അറിയിച്ചെന്നായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്ന വാർത്ത. ഭരണസമിതി അംഗങ്ങളോട് രാജി സന്നദ്ധത അറിച്ചെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. പിന്നാലെയാണ് ഇതിനെ തള്ളി കെ ജയകുമാർ തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.



