യുഎസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു, ഒപ്പം താമസിച്ചിരുന്ന യുവതി പിടിയിൽ

കാലിഫോർണിയ: യു.എസിൽ മലയാളി യുവതികളെ സുഹൃത്തായ യുവതി കൊലപ്പെടുത്തി. തൃശൂർ മണ്ണൂത്തി മുടിക്കോട് തെക്കൂട്ട് വീട്ടിൽ ഹരിദാസിന്റെയും സുഷമയുടെയും മകൾ അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശി ആൻ എന്നിവരാണ് കൊല്ലപ്പെട്ടത്. കാലിഫോർണിയയിലെ മിൽപാറ്റ്സിൽ ശനിയാഴ്ചയാണ് സംഭവം. സംഭവത്തിൽ ഇരുവരുടെയും സുഹൃത്ത് അനിലയെ അറസ്റ്റ് ചെയ്തു.
മൂന്നുപേരുടെയും കുടുംബം ഒന്നിച്ച് ഫ്ലാറ്റിൽ താമസിച്ചിരുന്നവരാണ്. അഞ്ജനയുടെ ബന്ധുക്കൾ ഇന്നലെ രാത്രിയാണ് മരണവിവരം അറിഞ്ഞത്. ചിങ്ങവനം സ്വദേശി ആനിനെ ഫ്ലാറ്റിലെ മുറിയിൽ വച്ച് കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ ഫ്ലാറ്റിന്റെ താഴേക്ക് വിളിച്ചുവരുത്തി അനില കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.
തുടർന്ന് നിറുത്താതെ പോയ കാർ അഞ്ജനയുടെ ഭർത്താവ് വിജീഷ് തിരിച്ചറിഞ്ഞു. വിജീഷ് ഉടൻതന്നെ ഇവരുടെ പൊതുസുഹൃത്തായ ആനിന്റെ ഭർത്താവ് ജേക്കബിനെ വിവരം അറിയിച്ചു. ആനിനെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരുന്ന ഭർത്താവ് ഫ്ലാറ്റിൽ ചെന്നപ്പോഴാണ് കുത്തേറ്റ് മരിച്ച നിലയിൽ ആനിനെ കണ്ടത്. കഴിഞ്ഞ എട്ടുവർഷമായി അഞ്ജനയും ഭർത്താവ് വിജീഷും കാലിഫോർണിയയിൽ ജോലി ചെയ്ത് വരികയാണ്.



