ജിയോ ഐപിഒയ്ക്ക് ആഗോള നിക്ഷേപകരുടെ കണ്ണ്! വൻകിട എഐ–ടെക് പദ്ധതികളുമായി റിലയൻസ്; വിപണിയിൽ ആകാംക്ഷ

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ, ടെലികോം വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസിന്റെ പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് ആഗോളതലത്തിൽ മികച്ച പ്രതികരണം. പ്രമുഖ ആഗോള സോവറിൻ വെൽത്ത് ഫണ്ടുകൾ, അന്താരാഷ്ട്ര അസറ്റ് മാനേജർമാർ, രാജ്യത്തെ മുൻനിര മ്യൂച്വൽ ഫണ്ടുകൾ എന്നിവരാണ് ഓഹരികളിൽ വലിയ താൽപ്പര്യം പ്രകടിപ്പിച്ചു രംഗത്തെത്തിയിട്ടുള്ളത്.
അലയൻസ്, ബ്ലാക്ക് റോക്ക്, ജി.ഐ.സി, ഫിഡെലിറ്റി, നോർവേ ഗവൺമെന്റ് പെൻഷൻ ഫണ്ട്, ന്യൂ വേൾഡ് ഫണ്ട്, സ്മോൾക്യാപ് വേൾഡ് ഫണ്ട് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര നിക്ഷേപകരും, ആഭ്യന്തര വിപണിയിൽ നിന്ന് എസ്.ബി.ഐ മ്യൂച്വൽ ഫണ്ട്, എൽ.ഐ.സി, ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ, എച്ച്.ഡി.എഫ്.സി, കൊട്ടക് മഹീന്ദ്ര മ്യൂച്വൽ ഫണ്ടുകളും ജിയോയുടെ ഓഹരിക്കായി രംഗത്തുണ്ട്. പുതിയ ഓഹരി വിൽപ്പനയിലൂടെ സമാഹരിക്കുന്ന തുകയുടെ ഭൂരിഭാഗവും ഉപകമ്പനിയായ റിലയൻസ് ജിയോ ഇൻഫോകോമിന്റെ കടബാധ്യതകൾ കുറയ്ക്കാനും ഭാവി വികസനങ്ങൾക്കുമായി വിനിയോഗിക്കും. കേവലം മൊബൈൽ കണക്റ്റിവിറ്റിക്കപ്പുറം വലിയ സാങ്കേതിക മുന്നേറ്റങ്ങളാണ് കമ്പനി ലക്ഷ്യമിടുന്നത്.
കുറഞ്ഞ ചെലവിലുള്ള ക്ലൗഡ് ‘ജിയോ കമ്പ്യൂട്ടർ’, എ.ഐ ഏജന്റിക് ‘മൈ ജിയോ’ ആപ്പ്, ശബ്ദ സംശയങ്ങൾക്കുള്ള ‘ജിയോ ഭാരത് ഐ.ക്യു’, തത്സമയ സംഭാഷണങ്ങൾ ടെക്സ്റ്റ് രൂപത്തിലാക്കുന്ന ‘ജിയോ ബോലോ’ എന്നിവ അണിയറയിൽ ഒരുങ്ങുന്നു. കൂടാതെ ഐ.ഓ.ടി സെൻസറുകൾ, എ.ഐ അധിഷ്ഠിത സൈബർ സുരക്ഷാ സംവിധാനമായ ‘ജിയോ സെക്യൂർ’, കോളുകളും പേയ്മെന്റുകളും
നടത്താവുന്ന സ്മാർട്ട് ഗ്ലാസ് ‘ജിയോ ഫ്രെയിംസ്’ എന്നിങ്ങനെ നീളുന്നു ഉൽപ്പന്നനിര. ഇന്ത്യൻ സംരംഭക ഡിജിറ്റൽ സേവന വിപണിയിൽ 5 ലക്ഷം കോടി രൂപയുടെ വളർച്ചാ സാധ്യതയാണ് ജിയോ ലക്ഷ്യമിടുന്നത്. കൂടാതെ 10 കോടി വീടുകളിൽ ബ്രോഡ്ബാൻഡ് സേവനം എത്തിക്കാനും കമ്പനി പദ്ധതിയിടുന്നു. പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യകളിലൂടെ 7,220 പേറ്റന്റുകൾക്ക് കമ്പനി അപേക്ഷിച്ചിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ കുടുംബങ്ങളെയും ബിസിനസുകളെയും ഡിജിറ്റലായി ബന്ധിപ്പിക്കുകയാണ് പ്രാഥമിക ലക്ഷ്യമെന്ന് ആകാശ് അംബാനി വ്യക്തമാക്കി.



