രാവണനൊപ്പം 30 അടി പാറ്റയും കത്തിക്കും! ദസറയിൽ വേറിട്ട ആഘോഷം

ഡൽഹി: ഡൽഹിയിൽ ഇത്തവണത്തെ ദസറ ആഘോഷങ്ങളിൽ വ്യത്യസ്തമായ രീതിയിൽ കോലം കത്തിക്കലുമായി രാംലീല കമ്മിറ്റി. രാവണൻ, കുംഭകർണ്ണൻ, മേഘനാദൻ എന്നിവരുടെ കോലങ്ങൾക്കൊപ്പം 30 അടി ഉയരമുള്ള പാറ്റയുടെ കോലവും കത്തിക്കാനാണ് തീരുമാനം. രാജ്യതലസ്ഥാനത്ത് സി.ജെ.പി പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കമ്മിറ്റിയുടെ ഈ നിർണായക തീരുമാനം എന്നത് ശ്രദ്ധേയമാണ്. ബി.ജെ.പി എം.എൽ.എയും മോഡൽ ടൗൺ എം.എൽ.എയുമായ അശോക് ഗോയൽ ദേവരഹ അധ്യക്ഷനായ ശ്രീ കേശവ് രാംലീല കമ്മിറ്റിയാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്.

വീടുകൾ, ചുറ്റുപാടുകൾ, സമൂഹം എന്നിവിടങ്ങളിൽ നിന്ന് മാലിന്യം പൂർണമായും ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഈ നീക്കമെന്ന് അശോക് ഗോയൽ എ.എൻ.ഐയോട് വ്യക്തമാക്കി. “തിന്മയ്ക്ക് മേൽ നന്മ നേടുന്ന വിജയമാണ് വിജയദശമി. മുൻകാലങ്ങളിൽ നക്സലിസം, തീവ്രവാദം തുടങ്ങിയ വിപത്തുകളെ പ്രതിനിധീകരിക്കുന്ന കോലങ്ങൾ ഞങ്ങൾ കത്തിച്ചിട്ടുണ്ട്. ഇത്തവണ മാലിന്യത്തിന്റെ പ്രതീകമായാണ് പാറ്റയുടെ രൂപം കത്തിക്കുന്നത്,” അദ്ദേഹം പറഞ്ഞു. പീതംപുരയിലെ എൻ.എസ്.പിയിലുള്ള കേശവ് രാംലീല കമ്മിറ്റി ഗ്രൗണ്ടിലാണ് കോലം കത്തിക്കുന്നത്.

അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി ഡൽഹിയിൽ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഇതിന്റെ ഭാഗമായി കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ ‘ലഹ്‌രാ ദോ തിരംഗ’ എന്ന പേരിൽ തിരംഗ റാലി നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കൊണാട്ട് പ്ലേസിലും പരിസരത്തും വൻ സുരക്ഷാ സന്നാഹത്തെയാണ് ഡൽഹി പോലീസ് വിന്യസിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button