സ്റ്റാർക്കിന്റെ തീപ്പൊരി പന്തുകൾ; ബംഗ്ലാദേശിനെ തകർത്ത് ഓസ്‌ട്രേലിയക്ക് രണ്ട് ദിവസത്തിൽ ടെസ്റ്റ് ജയം

മാക്കായ്: ആദ്യ ടെസ്റ്റിലെ അപ്രതീക്ഷിത തോൽവിക്ക് ശക്തമായ മറുപടി നൽകി ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് തകർപ്പൻ ജയം. ഇന്നിംഗ്‌സിനും 51 റൺസിനുമാണ് ഓസീസ് ബംഗ്ലാദേശിനെ ചുരുട്ടിക്കൂട്ടിയത്. മിച്ചൽ സ്റ്റാർക്കിന്റെ 10 വിക്കറ്റിന്റെ കരുത്തിൽ ഓസ്‌ട്രേലിയ രണ്ട് ദിവസംകൊണ്ട് വിജയം പൂർത്തിയാക്കുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ രണ്ട് ദിവസത്തിനുള്ളിൽ മത്സരം അവസാനിക്കുന്നത് അപൂർവമാണ്. ഇതുവരെ നടന്ന 2632 ടെസ്റ്റുകളിൽ വെറും 28 മത്സരങ്ങളാണ് രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയായത്. ആ പട്ടികയിൽ മാക്കായ് ടെസ്റ്റും ഇടംപിടിച്ചു.
1877 മുതൽ 1946 വരെ നടന്ന 275 ടെസ്റ്റുകളിൽ 15 മത്സരങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ അവസാനിച്ചിരുന്നു. എന്നാൽ 1947 മുതൽ 1999 വരെയുള്ള കാലയളവിൽ 1233 ടെസ്റ്റുകൾ നടന്നിട്ടും ഒന്നുപോലും രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയായില്ല. 2000ന് ശേഷം 1124 ടെസ്റ്റുകളിൽ 13 മത്സരങ്ങളാണ് രണ്ട് ദിവസത്തിൽ അവസാനിച്ചത്. ഓസ്‌ട്രേലിയ–ബംഗ്ലാദേശ് ടെസ്റ്റ് ചരിത്രത്തിലെ 28ാ-ാമത്തെ ദ്വിദിന ടെസ്റ്റാണ് മാക്കായ് ടെസ്റ്റ്. 2025 നവംബറിൽ പെർത്തിൽ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയ കളിച്ച ടെസ്റ്റായിരുന്നു ഇതിന് മുമ്പ് രണ്ട് ദിവസത്തിനുള്ളിൽ അവസാനിച്ച മത്സരം.
സ്റ്റാർക്കിന് 10 വിക്കറ്റ്
ഓസ്‌ട്രേലിയയുടെ വിജയത്തിന് പിന്നിലെ പ്രധാന കാരണം മിച്ചൽ സ്റ്റാർക്കിന്റെ മാരക ബൗളിങ്ങായിരുന്നു. ബംഗ്ലാദേശിന്റെ രണ്ട് ഇന്നിംഗ്‌സുകളിലായി 10 വിക്കറ്റ് വീഴ്ത്തിയ സ്റ്റാർക്ക് 51 റൺസ് മാത്രമാണ് വഴങ്ങിയത്. ബംഗ്ലാദേശിന്റെ ആദ്യ ഇന്നിംഗ്‌സിൽ 12 റൺസ് വഴങ്ങി ആറ് വിക്കറ്റുകളാണ് സ്റ്റാർക്ക് വീഴ്ത്തിയത്. ഇതോടെ സന്ദർശകർ വെറും 64 റൺസിന് പുറത്തായി. രണ്ടാം ഇംഗ്‌സിൽ നാല് വിക്കറ്റുകൾ കൂടി വീഴ്ത്തിയതോടെ സ്റ്റാർക്ക് മത്സരത്തിൽ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിൽ സ്റ്റാർക്കിന്റെ നാലാമത്തെ 10 വിക്കറ്റ് നേട്ടമാണിത്.
ഈ പ്രകടനത്തോടെ സ്റ്റാർക്കിന്റെ ടെസ്റ്റ് വിക്കറ്റ് നേട്ടം 445 ആയി ഉയർന്നു. ദക്ഷിണാഫ്രിക്കൻ പേസ് ഇതിഹാസം ഡെയ്ൽ സ്റ്റെയിനിനെ മറികടന്ന് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർമാരുടെ പട്ടികയിൽ സ്റ്റാർക്ക് പത്താം സ്ഥാനത്തെത്തി. രണ്ട് ടെസ്റ്റുകളിലായി 12 വിക്കറ്റുകൾ വീഴ്ത്തിയ സ്റ്റാർക്കിനെ പരമ്പരയിലെ മിന്നും താരമായി തിരഞ്ഞെടുത്തു.
ബംഗ്ലാദേശ് 95 റൺസിന് ഓൾഔട്ട്
ഡാർവിനിൽ നടന്ന ആദ്യ ടെസ്റ്റിലെ ജയത്തിന് ശേഷം രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശിന് ഒട്ടും പിടിച്ചുനിൽക്കാനായില്ല. ബംഗ്ലദേശിന്റെ ഒൻപത് ബാറ്റർമാർക്കും രണ്ടക്കം കടക്കാനായില്ല. ക്യാപ്ടൻ നജ്മുൽ ഹൊസൈൻ ഷാന്റോ 31 റൺസുമായി ബംഗ്ലാദേശിന്റെ ടോപ് സ്‌കോററായി. മുഷ്ഫിഖുർ റഹീം 29 റൺസുമായി പുറത്താകാതെ നിന്നു. രണ്ട് ഇന്നിംഗ്‌സുകളിലായി 72.3 ഓവറുകൾ മാത്രമാണ് ബംഗ്ലദേശ് ബാറ്റ് ചെയ്തത്. മിച്ചൽ സ്റ്റാർക്ക് ആകെ പത്ത് വിക്കറ്റുകൾ വീഴ്‌ത്തിയപ്പോൾ നായകൻ പാറ്റ് കമ്മിൻസ് ആറു വിക്കറ്റുകൾ നേടി.



