15 സെക്കൻഡിൽ കവർച്ച; നടക്കാനിറങ്ങിയ സ്ത്രീകളെ അടിച്ചുവീഴ്ത്തി മോഷണം

പഞ്ച്കുള: രാത്രിയിൽ നടക്കാനിറങ്ങിയ സ്ത്രീകളെ അടിച്ചുവീഴ്‌ത്തി കമ്മൽ കവർന്നു. പഞ്ചാബിലെ പഞ്ച്കുളയിലാണ് സംഭവം. മൂന്ന് അജ്ഞാതർ ചേർന്ന് രണ്ടു സ്ത്രികളെയാണ് വളഞ്ഞിട്ട് ആക്രമിച്ച് കമ്മൽ കവർന്നത്. ഇരുവരുടെയും കാതിൽനിന്ന് കമ്മൽ വലിച്ചെടുത്ത ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു. പ്രതികൾ എത്തുന്നത് മുതൽ കവർച്ച നടത്തി രക്ഷപ്പെടുന്നതുവരെ ആകെ 15 സെക്കൻഡ് മാത്രമാണ് എടുത്തത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
സംഭവത്തെ തുടർന്ന് പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. രാവിലെയും വൈകിട്ടും നടക്കാനിറങ്ങുന്ന സ്ത്രീകളും പ്രായമായവരുമാണ് കൂടുതൽ ആശങ്കയിൽ. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതികൾ രക്ഷപ്പെട്ട വഴികളും ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.
സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് സംഭവത്തിന് മുമ്പും ശേഷവും പ്രതികളുടെ നീക്കങ്ങൾ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്തെക്കുറിച്ച് നേരത്തെ പ്രതികൾക്ക് അറിവുണ്ടായിരുന്നോ, സ്ത്രീകളെ നിരീക്ഷിക്കുകയോ പിന്തുടരുകയോ ചെയ്തിരുന്നോ എന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. രാവിലെയും വൈകിട്ടും ആളുകൾ നടക്കാനിറങ്ങുന്ന സമയങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



