ഓണക്കോടിയെച്ചൊല്ലി തർക്കം; പിന്നാലെ ഭർതൃവീട്ടിൽ യുവതിയുടെ മരണം, സ്ത്രീധന പീഡനമെന്ന് കുടുംബം

കോട്ടയം: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്. പെരുമ്പാവൂർ സ്വദേശിയായ ആര്യ സോമൻ (31) ആണ് മരിച്ചത്. സ്ത്രീധന പീഡനമാണ് മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പെരുമ്പാവൂർ ഡിവൈഎസ്‌പിക്ക് പരാതി നൽകും.
ഓഗസ്റ്റ് 18-നാണ് കോട്ടയം നാട്ടകത്തുള്ള ഭർതൃവീട്ടിൽ ആര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെയായിരുന്നു സംസ്കാരം. ഇതിന് പിന്നാലെയാണ് കുടുംബം ആരോപണങ്ങളുമായി രംഗത്തെത്തിയത്. ആര്യയുടെ മുഖത്ത് അടിയേറ്റതിന്റെ പാടുണ്ടായിരുന്നുവെന്നും മരണാനന്തര ചടങ്ങുകളിൽ ഭർതൃമാതാവും അമ്മൂമ്മയും പങ്കെടുക്കാതിരുന്നതിലും സംശയമുണ്ടെന്നും കുടുംബം പറയുന്നു.
ദീപക് ബാബുവാണ് ആര്യയുടെ ഭർത്താവ്. ആറുവർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ദീപക്കിന്റെ അമ്മയും അമ്മൂമ്മയും സ്ത്രീധനത്തിന്റെ പേരിൽ ആര്യയെ പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു. ഇതിനെ തുടർന്ന് ആര്യയും ദീപക്കും വാടകവീട്ടിലേക്ക് താമസം മാറിയിരുന്നു.
അടുത്തിടെ മഴയിൽ വാടകവീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ദീപക്കും ആര്യയും ആറ് വയസ്സുള്ള മകളും ദീപക്കിന്റെ വീട്ടിലേക്ക് മടങ്ങിയെത്തി. ഓണക്കോടി എടുക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആര്യയും ഭർതൃവീട്ടുകാരും തമ്മിൽ തർക്കമുണ്ടായിരുന്നതായും കുടുംബം പറയുന്നു. ഇതിന് പിന്നാലെയാണ് ആര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ദീപക്കിന്റെ അമിതമായ മദ്യപാനത്തിൽ മനംനൊന്താണ് ആര്യ ആത്മഹത്യ ചെയ്തതെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. അതേസമയം, കുടുംബത്തിന്റെ ആരോപണങ്ങൾ ഉൾപ്പെടെ പരിശോധിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണ്.



