‘അഞ്ച് വർഷത്തിനുള്ളിൽ പുതുപ്പള്ളിയിൽ ഐപിഎൽ’; അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ

കോട്ടയം: പുതുപ്പള്ളിയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ഐപിഎൽ മത്സരങ്ങൾക്ക് പുറമെ രാജ്യാന്തര മത്സരങ്ങൾ വരെ സംഘടിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള സ്റ്റേഡിയമാണ് ലക്ഷ്യമെന്നും പദ്ധതി പൂർത്തിയാക്കാൻ മൂന്നോ നാലോ വർഷം വേണ്ടിവരുമെന്നും അദ്ദേഹം കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്റ്റേഡിയത്തിനായി അനുയോജ്യമായ ഭൂമി കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ പരിഗണിച്ച സ്ഥലങ്ങൾ അനുയോജ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ സ്ഥലങ്ങൾ പരിശോധിക്കുന്നത്. അനുയോജ്യമായ സ്ഥലം ലഭിച്ചാൽ ഉടൻ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും വിദേശനിക്ഷേപം ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ പദ്ധതി യാഥാർഥ്യമാക്കാൻ തയ്യാറാണെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
വെറുമൊരു ക്രിക്കറ്റ് സ്റ്റേഡിയം എന്നതിലുപരി പുതുപ്പള്ളിയെ സമ്പൂർണ സ്പോർട്സ് സിറ്റിയാക്കി മാറ്റുകയാണ് തന്റെ സ്വപ്നമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ഭാരവാഹികളുമായി ചർച്ചകൾ നടത്തിയതായും എംഎൽഎ അറിയിച്ചു.
കഴിഞ്ഞ ഏപ്രിലിൽ മണർകാട് പള്ളി മൈതാനത്ത് ഐപിഎൽ ഫാൻ പാർക്ക് സംഘടിപ്പിക്കാൻ കഴിഞ്ഞത് പദ്ധതിയിലേക്കുള്ള ആദ്യ ചുവടുവയ്പായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വർഷത്തിനുള്ളിൽ പുതുപ്പള്ളിയിൽ ഐപിഎൽ മത്സരം എത്തിക്കുമെന്ന പ്രഖ്യാപനത്തിൽ ഉറച്ചുനിൽക്കുന്നതായും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.



