ഗവർണർക്കെതിരെ മുഖ്യമന്ത്രി; ഡിജിപിയെ വിളിച്ചുവരുത്തിയതിൽ അതൃപ്തി, ലോക്‌ഭവനെ അറിയിച്ചു

തിരുവനന്തപുരം: ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ. ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുമതിയില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഇക്കാര്യത്തിലുള്ള സർക്കാരിന്റെ അതൃപ്തി ലോക്‌ഭവനെ അറിയിച്ചിട്ടുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു. കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസ് നൽകിയ പരാതിയുടെ പശ്ചാത്തലത്തിലാണ് എസ്എഫ്‌ഐ സമരത്തിന് പിന്നാലെ ഗവർണർ ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയത്.
മുൻ സർക്കാരിന്റെ കാലത്തും ഗവർണറുടെ ഭാഗത്തുനിന്ന് സമാനമായ നടപടികൾ ഉണ്ടായപ്പോൾ സർക്കാർ ഇതേ നിലപാട് വ്യക്തമാക്കിയിരുന്നുവെന്നും വി.ഡി. സതീശൻ ഓർമിപ്പിച്ചു.



