സുകുമാരൻ നായർക്കെതിരായ പരാമർശം; ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ മന്ത്രി കെ.ബി. ഗണേഷ് കുമാർ നടത്തിയ പരാമർശങ്ങളിൽ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എം.എൽ.എ. സുകുമാരൻ നായർ കേരളത്തിന്റെ സ്വത്താണെന്നും അദ്ദേഹത്തെ അപമാനിക്കാൻ നീചമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
തന്നെ കാണാനെത്തുന്നവരോട് അതിമാന്യമായി പെരുമാറുന്ന വ്യക്തിയാണ് സുകുമാരൻ നായരെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. ഓരോരുത്തർക്കും അവരുടേതായ ശൈലികളുണ്ടെന്നും അത് മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള ചർച്ചകളിലും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. എം.എൽ.എമാർക്കും എം.പിമാർക്കും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതിന് യാതൊരു അയോഗ്യതയുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
മുൻപ് കെ. സുധാകരൻ എം.പി ആയിരിക്കെയാണ് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം വഹിച്ചതെന്നും ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി.



