മാധ്യമങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റുകൾ നീക്കിയത് സാങ്കേതികപ്പിഴവ്; വിശദീകരണവുമായി മെറ്റ

തിരുവനന്തപുരം: വാർത്താമാധ്യമങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്ത സംഭവത്തിൽ വിശദീകരണവുമായി മെറ്റ. ആരുടെയും നിർദേശപ്രകാരമല്ല പോസ്റ്റുകൾ നീക്കം ചെയ്തതെന്നും കമ്പനിയുടെ എഐ സോഫ്റ്റ്‌വെയർ അപ്‌ഡേഷന്റെ ഭാഗമായി സംഭവിച്ച സാങ്കേതികപ്പിഴവാണെന്നുമാണ് മെറ്റ വ്യക്തമാക്കിയത്.

മെറ്റയുടെ ഇന്ത്യയിലെ നോഡൽ ഓഫീസർ കേരള പൊലീസിന്റെ സൈബർ ഓപ്പറേഷൻ വിംഗിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു. കേരളത്തിൽ മാത്രമല്ല, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും സമാനമായ രീതിയിൽ പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെന്നും മെറ്റ അറിയിച്ചു.

സാങ്കേതിക തകരാർ ഇതിനകം പരിഹരിച്ചതായും നീക്കം ചെയ്ത എല്ലാ പോസ്റ്റുകളും പുനഃസ്ഥാപിച്ചതായും മെറ്റ വ്യക്തമാക്കി. സൈബർ ഓപ്പറേഷൻ വിംഗ് വിശദീകരണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മെറ്റയുടെ പ്രതികരണം.

അതേസമയം, വാർത്താമാധ്യമങ്ങളുടെ പോസ്റ്റുകൾ നീക്കം ചെയ്തതിന് പിന്നിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാൽ സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും പൊലീസിന്റെ സൈബർ വിഭാഗവും വ്യക്തമാക്കിയിരുന്നു.

വാർത്തകൾ നീക്കം ചെയ്യിക്കാൻ മെറ്റയിൽ തനിക്ക് യാതൊരു സ്വാധീനവുമില്ലെന്നും ആവശ്യമെങ്കിൽ മെറ്റയ്ക്ക് കത്തെഴുതാൻ തയ്യാറാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതികരിച്ചു.

തന്റെ ഓഫീസിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജായ ‘സിഎംഒ കേരള’ ലഭ്യമാക്കണമെന്ന ആവശ്യം മാത്രമാണ് ഇതുവരെ മെറ്റയോട് ഉന്നയിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി അപേക്ഷ നൽകിയിട്ട് രണ്ടുമാസമായെങ്കിലും അക്കൗണ്ട് ഇതുവരെ ലഭ്യമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button