ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒൻപതാം പ്രതി ഹരീഷ് കുമാറിന് തിരുവനന്തപുരം സെഷൻസ് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും ഹർജി ഹൈക്കോടതി തള്ളി. സെഷൻസ് കോടതി ഉത്തരവിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു.

കേസിലെ മറ്റ് 24 പ്രതികൾക്കും ജാമ്യം ലഭിച്ച സാഹചര്യത്തിൽ, അവർക്കു ബാധകമാക്കിയ അതേ ജാമ്യവ്യവസ്ഥകൾ ഹരീഷ് കുമാറിനും ബാധകമാക്കിയിട്ടുണ്ട്. പ്രോസിക്യൂട്ടർ ഒത്തുകളിച്ചാണ് ഹരീഷിന് ജാമ്യം ലഭിച്ചതെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രധാന ആരോപണം.

ഇരുഭാഗത്തിന്റെയും വാദങ്ങൾ കേട്ട ശേഷമാണ് ജാമ്യം റദ്ദാക്കേണ്ടതില്ലെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് തീരുമാനിച്ചത്.

എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ ഇഡി പരിശോധന നടത്തിയതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരെ ആക്രമണമുണ്ടായത്. പരിശോധന പൂർത്തിയാക്കി മടങ്ങിയ ഉദ്യോഗസ്ഥരുടെ വാഹനം സിപിഎം പ്രവർത്തകർ തടഞ്ഞ് അടിച്ചുതകർത്തുവെന്നാണ് കേസ്.

മെയ് 27-നായിരുന്നു സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇഡി പരിശോധന നടത്തിയത്. ഇഡി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച് പാർട്ടി പ്രവർത്തകർ വീടിന് മുന്നിൽ തടിച്ചുകൂടിയതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button