ശബരിമല യുവതീപ്രവേശന കേസ്; വിധി ഒക്ടോബറിൽ? സുപ്രീംകോടതിയിൽ നിർണായക സൂചന

ന്യൂഡൽഹി: ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച കേസിൽ സുപ്രീംകോടതി വിധി ഒക്ടോബറിൽ ഉണ്ടായേക്കുമെന്ന് സൂചന. ബോധ്ഗയ ക്ഷേത്രവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇക്കാര്യം സൂചിപ്പിച്ചത്.
ബോധ്ഗയ കേസ് ശബരിമല വിധിക്ക് ശേഷം പരിഗണിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോൾ, ശബരിമല വിധി ഒക്ടോബർ ആദ്യവാരം ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു. ബോധ്ഗയ കേസ് ഒക്ടോബർ ആറിന് പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല യുവതീപ്രവേശന വിഷയത്തിലെ പുനഃപരിശോധന ഹർജിയുമായി ബന്ധപ്പെട്ട ഭരണഘടനാ ചോദ്യങ്ങളിലാണ് സുപ്രീംകോടതിയുടെ നടപടികൾ പുരോഗമിക്കുന്നത്. അഞ്ചംഗ ഭരണഘടനാ ബെഞ്ച് തയ്യാറാക്കിയ ചോദ്യങ്ങളിൽ ഒമ്പതംഗ ബെഞ്ച് വാദം കേട്ടിരുന്നു. ഒമ്പതംഗ ബെഞ്ച് റഫർ ചെയ്യുന്ന ചോദ്യങ്ങളിലെ ഉത്തരങ്ങളുടെ അടിസ്ഥാനത്തിൽ അഞ്ചംഗ ബെഞ്ച് വീണ്ടും പുനഃപരിശോധന ഹർജികളിൽ വാദം കേട്ട് വിധി പറയുമെന്നാണ് പ്രതീക്ഷ.
ഇതിനിടെ, കഴിഞ്ഞ മാർച്ചിൽ ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. 17 പേജുള്ള സത്യവാങ്മൂലത്തിൽ ഭരണഘടനാപരമായ ഏഴ് ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഉൾപ്പെടുത്തിയിരുന്നത്.
വർഷങ്ങളായി ശബരിമലയിൽ തുടരുന്ന ആചാരങ്ങളിൽ കോടതിയുടെ പരിശോധന ആവശ്യമാണെങ്കിൽ ബന്ധപ്പെട്ട വിഭാഗത്തിലെ പണ്ഡിതന്മാരുമായും സാമൂഹിക പരിഷ്കർത്താക്കളുമായും വിശദമായ ചർച്ച നടത്തിയശേഷം മാത്രമേ മാറ്റങ്ങൾ വരുത്താവൂ എന്നാണ് സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നത്.
ആചാരങ്ങളിൽ മാറ്റം വരുത്തുന്നതിന് മുമ്പ് കൃത്യമായ പഠനവും ചർച്ചയും വേണമെന്നും സർക്കാർ നിലപാടെടുത്തു. പണ്ഡിതരുടെയും പരിഷ്കർത്താക്കളുടെയും അഭിപ്രായം തേടുന്നത് നീതി നടപ്പാക്കുന്നതിന് സഹായകരമാകുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.



