10 ദിവസമായി കാണാതായ ഗൗതം കൃഷ്ണയ്ക്കായി തെരച്ചിൽ ശക്തം; നാവികസേനയും കോസ്റ്റ് ഗാർഡും രംഗത്ത്

കൊല്ലം: നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയ്ക്കായുള്ള തെരച്ചിൽ ഊർജിതമാക്കി. യുവാവിനെ കാണാതായിട്ട് 10 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും നേതൃത്വത്തിൽ തെരച്ചിൽ ശക്തമാക്കിയത്.

ഗൗതം കൃഷ്ണയെ കണ്ടെത്തുന്നതിനായി നാവികസേനയുടെ ഐഎൻഎസ് കൽപ്പേനി എന്ന കപ്പൽ നീണ്ടകരയിൽ എത്തിയിട്ടുണ്ട്. മുങ്ങൽ വിദഗ്ധർ ഉൾപ്പെടെയുള്ള സംഘം കടലിൽ തെരച്ചിൽ ആരംഭിച്ചു. ഇതിനൊപ്പം കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററുകളും ആകാശമാർഗം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

കരുനാഗപ്പള്ളി അമൃത വിശ്വവിദ്യാപീഠം ഗ്രൗണ്ടിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിനായി പ്രത്യേക എമർജൻസി ഹെലിപാഡ് സജ്ജമാക്കിയിട്ടുണ്ട്. ഹെലികോപ്റ്ററിന് ആവശ്യമായ ഇന്ധനം ലഭ്യമാക്കുന്നതിനായി ഇന്ത്യൻ ഓയിലിന്റെ സഹായവും ഉറപ്പാക്കിയിട്ടുണ്ട്.

ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മ നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് തെരച്ചിൽ കൂടുതൽ ശക്തമാക്കിയത്. നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്നായിരുന്നു അമ്മയുടെ പ്രതിഷേധം. പൊലീസ്, ഫിഷറീസ് ഉദ്യോഗസ്ഥർ എന്നിവർ ആദ്യം രേഷ്മയുമായി നടത്തിയ ചർച്ച ഫലം കണ്ടില്ല.

തെരച്ചിൽ നടത്തുന്നതിന് കുടുംബം ആവശ്യം ഉന്നയിക്കാൻ വൈകിയെന്ന ഉദ്യോഗസ്ഥയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് രേഷ്മ ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. തുടർന്ന് വിദഗ്ധ സംഘം തെരച്ചിൽ നടത്തുമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

ഗൗതം കൃഷ്ണയുടെ അച്ഛനും മുത്തച്ഛനും നേരത്തെ ഒരു അപകടത്തിൽ മരിച്ചിരുന്നു.

‘ആ അമ്മയുടെ സങ്കടം എന്റെ സ്വന്തം സങ്കടം’; സുരേഷ് ഗോപി

ഗൗതം കൃഷ്ണയെ കണ്ടെത്തുന്നതിനായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ഗൗതം കൃഷ്ണയുടെ അമ്മ തന്നെ സ്വന്തം സഹോദരിയായി കണ്ട് ഒപ്പമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് വിളിച്ച കാര്യം അദ്ദേഹം കുറിപ്പിൽ പങ്കുവച്ചു.

ഒരു ജനപ്രതിനിധി എന്നതിലുപരി ഒരു സഹോദരനെന്ന നിലയിലാണ് ആ അമ്മയ്ക്ക് താൻ വാക്ക് നൽകിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. ഗൗതം കൃഷ്ണയെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

“ആ അമ്മയുടെ സങ്കടം എന്റെ സ്വന്തം സങ്കടമാണ്. തിരച്ചിൽ ഏതെങ്കിലും കാരണത്താൽ മന്ദഗതിയിലാകാൻ ഞാൻ അനുവദിക്കില്ല. സർവ സന്നാഹങ്ങളും ഉപയോഗിച്ച് കടലിൽ തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്,” സുരേഷ് ഗോപി കുറിപ്പിൽ പറഞ്ഞു.

നാവികസേനയുടെ മുങ്ങൽ വിദഗ്ധർ അടങ്ങിയ കപ്പൽ കടലിൽ തിരച്ചിൽ നടത്തുന്നതായും കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററുകൾ ആകാശമാർഗം നിരീക്ഷണം ശക്തമാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

രക്ഷാപ്രവർത്തനം വേഗത്തിലാക്കുന്നതിനായി അമൃതപുരിയിൽ കോളേജ് അധികൃതരുടെ സഹകരണത്തോടെ അടിയന്തര ഹെലിപാഡും സജ്ജമാക്കിയിട്ടുണ്ടെന്നും ആവശ്യമായ ഇന്ധനവും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കാൻ ബന്ധപ്പെട്ട ഏജൻസികൾ രംഗത്തുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

ഗൗതം കൃഷ്ണയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷ കൈവിടരുതെന്നും കുടുംബത്തിനൊപ്പം അവസാന നിമിഷംവരെയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button