അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് നീക്കം; 23 കേസുകളിൽ പ്രതിയെന്ന് റിപ്പോർട്ട്

കണ്ണൂർ: അറസ്റ്റിലായ അർജുൻ ആയങ്കിക്കെതിരെ കാപ്പ (KAAPA) ചുമത്താൻ പൊലീസ് നീക്കം. 23 കേസുകളിൽ പ്രതിയായ അർജുൻ കൊടും ക്രിമിനലാണെന്ന റിപ്പോർട്ട് പൊലീസ് നൽകും. രണ്ട് വധശ്രമക്കേസുകൾ, ആയുധം ഉപയോഗിച്ച് മാരകമായി പരിക്കേൽപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങി ഗുരുതര വകുപ്പുകൾ ഉൾപ്പെടെയുള്ള കേസുകൾ അർജുനെതിരെയുണ്ട്.

2014 മുതൽ അർജുൻ സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന വ്യക്തിയാണെന്ന് വിവിധ കേസുകളിൽ നേരത്തെ സമർപ്പിച്ച കുറ്റപത്രങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. വളപട്ടണം പൊലീസ് സ്റ്റേഷനിൽ മാത്രം അർജുനെതിരെ 12 കേസുകളുണ്ട്. പുതിയ കേസുകൾ ഉൾപ്പെടെ ആകെ 23 കേസുകളിലാണ് ഇയാൾ പ്രതിയായിട്ടുള്ളത്. ഉടൻ കാപ്പ ചുമത്തുന്നതിനുള്ള റിപ്പോർട്ട് ജില്ലാ കളക്ടർക്ക് നൽകാനാണ് പൊലീസിന്റെ നീക്കം.

പുലർച്ചെ രണ്ടരയോടെ കണ്ണൂർ നഗരത്തിലെ ഒരു അപ്പാർട്ട്മെന്റിൽ അഭിഭാഷകരെ കാണാനെത്തിയപ്പോഴാണ് അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഓട്ടോ ഡ്രൈവർ പൊലീസിന് നൽകിയ വിവരമാണ് അറസ്റ്റിലേക്ക് നയിച്ചതിൽ നിർണായകമായത്.

പൊലീസിനെ വെല്ലുവിളിച്ച് കണ്ണൂർ തളിപ്പറമ്പിലെ ഒരു അപ്പാർട്ട്മെന്റിൽ ഒളിവിൽ കഴിയുകയായിരുന്ന അർജുൻ, പൊലീസ് ഒളിത്താവളം മനസ്സിലാക്കിയെന്ന് സംശയിച്ചതിനെ തുടർന്ന് ഓട്ടോയിൽ പയ്യന്നൂർ ഭാഗത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന് ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് വിളിച്ച് സുഹൃത്തിനെ കാറുമായി വരുത്തി. ഈ കാറിലാണ് കണ്ണൂർ ടൗണിലെത്തിയത്.

ഓട്ടോ ഡ്രൈവർ പൊലീസിന് വിവരം നൽകിയതോടെ അർജുൻ കുടുങ്ങുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ശ്രമം വിജയിച്ചില്ല.

കണ്ണൂരിലെ കേസുകളിലെ നടപടികൾ പൂർത്തിയാക്കിയ ശേഷം അർജുനെ എറണാകുളത്തേക്ക് മാറ്റിയേക്കുമെന്നാണ് സൂചന. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശപ്രകാരമായിരിക്കും തുടർ നടപടികളെന്നാണ് പൊലീസ് നൽകുന്ന വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button